ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രിയായി നിയോഗിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് അതിഷി സത്യ പ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കും.
ആം ആദ്‌മി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്‍റെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയും രാഷ്‌ട്രപതി നേരത്തെ സ്വീകരിച്ചിരുന്നു.
അതിഷിയുടെ സത്യപ്രതിജ്ഞ വരെ കെജ്‌രിവാളിന് തുടരാമെന്നും മുര്‍മു അറിയിച്ചിരുന്നു. വൈകിട്ട് രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അതിഷിയ്ക്ക് പുറമെ അഞ്ച് പേര്‍ കൂടി മന്ത്രിമാരായി ഇന്ന് ചുമതലയേല്‍ക്കും.
സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, കൈലാഷ് ഗലോട്ട്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത് എന്നിവരാണ് ഇന്ന് അതിഷിക്കൊപ്പം ചുമതലയേല്‍ക്കുന്ന മറ്റ് മന്ത്രിമാര്‍.
കെജ്‌രിവാള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അതിഷി പ്രതികരിച്ചു. നേതൃമാറ്റം തന്നില്‍ സമ്മിശ്ര വികാരമാണ് ഉണ്ടാക്കിയതെന്നും 43കാരിയായ അതിഷി പറഞ്ഞു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാളിനെ തിരികെ മുഖ്യമന്ത്രിപദത്തിലെത്തിക്കാനാകും തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുക എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.