കോട്ടയം: ഇനി മുതല്‍ പല നിറങ്ങളിലുള്ള ചുണ്ടന് വള്ളങ്ങള്‍ ഉണ്ടാകില്ല. കഴിഞ്ഞ തവണത്തെ നെഹ്റു ട്രോഫി ചാമ്പ്യന്മാരായ വിയപുരം ചുണ്ടന് ഉള്‍പ്പടെ പുത്തന്‍ ചുണ്ടനുകള്ക്കെല്ലാം പല നിറങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ചിലത് ഇളം നീല,ചിലത് മഞ്ഞ, പിന്നെ പഴയ കറുപ്പു നറവും തടിയുടെ തന്നെ നിറമായ ചുവപ്പുമെല്ലാമാണ് ചുണ്ടന് വള്ളങ്ങളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, നെഹ്റു ട്രോഫിയുടെ പുതിയ മാര്‍ഗ നിര്‍ദേശം അനുസരിച്ച് ഇനിമുതല്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന കറുപ്പു നിറമോ അല്ലെങ്കില്‍ തടിയുടെ നിറമേ പാളൂള്ളൂ എന്നാണ്.
ഇതോടെ നിലവിലെ ചാമ്പ്യനായ വിയപുരവും മുന്‍ ചാമ്പ്യന്മാരായ കാട്ടില്തെക്കേതിലുമെല്ലാം നിറം മാറ്റേണ്ടി വരും.വള്ളം വെള്ളത്തില്‍ തെന്നി നീങ്ങുന്നതിനായി വള്ളം മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടക്കരു എന്നിവയുടെ ഒരു മിശ്രിതം പുരട്ടി മിനുക്കിയെടുക്കുന്ന പതിവുണ്ട്.
ഇതാണ് പലപ്പോഴും വള്ളങ്ങള്‍ക്കു കറുപ്പു നിറം വരാന്‍ കാരണം. കാലം മാറിയതോടെ വെള്ളത്തില്‍ വേഗം തെന്നി നീങ്ങാനായി ഉപയോഗിക്കുന്ന വസ്തുക്കളും മാറി. ഇതോടെ പരമ്പരാഗത മിശ്രിതം ഉപയോഗിക്കുന്നതും കുറഞ്ഞു. പിന്നാലെ വെള്ളം പിടക്കാത്ത പെയിന്റുകളും വള്ളത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് വള്ളത്തിന്റെ നിറവും മാറി തുടങ്ങിയത്.
പിന്നെ മറ്റു നിറങ്ങള്‍ ഉപയോഗിക്കുന്നത് പെട്ടന്ന് എടുത്തറിയാന്‍ സാധിക്കുമെന്നതും പ്രത്യേകതയാണ്.ഇതിനിടെയാണ് നെഹ്റു ട്രോഫിയുടെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ രണ്ടു നിറമേ പാടുള്ളൂ എന്ന് നിര്‍ദേശം നല്‍കിയത്. നിലവിൽ നിറം മാറ്റാനുള്ള ഒരുക്കത്തിലാണ് ചുണ്ടൻവള്ളങ്ങൾ.
വയനാട് ദുരന്തത്തെ തുടര്‍ന്ന് മാറ്റിവെച്ച നെഹ്റു ട്രോഫി മത്സരം സെപ്റ്റംബര്‍ 28ന് നടക്കുക. മറ്റു മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനൊപ്പം കടുത്ത പരിശീലനത്തിലാണ് ചുണ്ടന് വള്ളങ്ങള്‍.