തിരുവനന്തപുരം: സി.പി.എം. നേതാവ് വീട്ടമ്മയേയും കുട്ടിയേയും മര്‍ദിച്ചെന്ന് പരാതി. ജില്ലാ പഞ്ചായത്തംഗം കൂടിയായ വെള്ളനാട് ശശിക്കെതിരെയാണ് പരാതി. തട്ടുകടയുടെ ഊണ് റെഡി ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ അരുണിന്റെ തട്ടുകടയ്ക്ക് മുന്നിലാണ് സംഭവം. ബോര്‍ഡ് റോഡിലാണ് വച്ചിരിക്കുന്നതെന്നും ഇത് ഇവിടെ നിന്നും മാറ്റണമെന്നും ശശി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ബോര്‍ഡ് മാറ്റില്ലെന്ന് കട നടത്തുന്ന വീട്ടമ്മ പറഞ്ഞതോടെയാണ് തര്‍ക്കമുണ്ടായത്.
അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു. സംഭവം ഫോണില്‍ പകര്‍ത്തിയട സുകന്യയുടെ മകന്റെ കൈയില്‍ നിന്നും ശശി മൊബൈല്‍ തട്ടിയെറിയുകയും സ്ത്രീകള്‍ ഇത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കടയുടമ പോലീസില്‍ പരാതി നല്‍കി.
കടയുടമ കൈയേറ്റം ചെയ്‌തെന്ന് ശശിയും പോലീസില്‍ പരാതി നല്‍കി. ശശി കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത് അടുത്തിടെയാണ്.