ചങ്ങനാശേരി: വലിയ വാഹനങ്ങള്‍ കടന്നു ചെല്ലാന്‍ മാര്‍ഗമില്ലാത്തിടത്ത് കൃഷിഭവൻ ഓഫീസ്. ജനങ്ങളുടെ പരാതിയില്‍ ഇടപെട്ട് ജോബ് മൈക്കിള്‍ എം.എല്‍.എ.കര്‍ഷകര്‍ക്ക് ഈ കൃഷി ഓഫീസില്‍ എത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്.
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ഓഫീസാണ് ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അധിക ചെലവ് ഉണ്ടാക്കുന്നത്. ലോറികള്‍ എത്താനുള്ള റോഡ് സൗകര്യമില്ലാത്തതുമൂലം നടീലിനുള്ള തൈകള്‍ കൃഷി ഓഫീസില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടാണ്.
ലോറികളിലെത്തുന്ന തെങ്ങിന്‍ തൈകളടക്കം മറ്റ് തൈകള്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇറക്കി പെട്ടി ഓട്ടോകളിലോ പിക്കപ്പ് വാനുകളിലോ കയറ്റി കൃഷി ഓഫീസില്‍ എത്തിക്കേണ്ടി വരുന്നു.
ഇതിനുള്ള പണം കൃഷി ഓഫീസര്‍ കൈയില്‍നിന്നു മുടക്കുകയാണ് പതിവ്. തൈകളും മറ്റ് സാമഗ്രികളും ഇവിടെനിന്നു വീടുകളില്‍ എത്തിക്കാന്‍ സ്വന്തം വാഹനങ്ങളില്ലാത്ത കര്‍ഷകര്‍ വലിയ തുക ഓട്ടോക്കൂലി നല്‍കേണ്ടി വരികയാണ്. പഴയ വീട്ടിലെ കൊച്ചുമുറികളില്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.
നഗരസഭാ കൃഷി ഓഫീസ് നേരത്തെ വാഴപ്പള്ളിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അവിടെനിന്നു നഗരസഭാ സ്റ്റേഡിയത്തിലുള്ള മുറിയിലേക്കു നീക്കി. സ്റ്റേഡിയം നവീകരണം ആരംഭിച്ചതോടെ കൃഷി ഓഫീസ് കുടിയൊഴിപ്പിക്കപ്പെട്ടതോടെയാണ് റെയില്‍വേ സ്റ്റേഷനടുത്തുള്ള വാടകക്കെട്ടിടത്തിലേക്കു മാറ്റിയത്.
പരാതികള്‍ ഉയര്‍ന്നതോടെ സൗകര്യപ്രദമായ സ്ഥലത്തേക്ക് കൃഷിഭവൻ മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നു ഉറപ്പു നല്‍കിയിരിക്കുകയാണ് ജോബ് മൈക്കിള്‍ എം.എല്‍.എ. പുതിയ കെട്ടിടത്തിന് സ്ഥലം ലഭ്യമാക്കുന്ന കാര്യം ആലോചിക്കും. ഇതുമായി ബന്ധപ്പെട്ട് നഗരസഭയുമായി ചര്‍ച്ച നടത്തുമെന്നും എം.എല്‍.എ പറഞ്ഞു.