കാഞ്ഞിരപ്പള്ളി: ഇഎസ്എ കരട് വിജ്ഞാപനത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് എംപി. നോണ്‍ ഫോറസ്റ്റ് ലാന്‍ഡ് കൃത്യമായി വിവരിച്ചുകൊണ്ടുള്ള ജിയോ കോര്‍ഡിനേറ്റ് തയ്യാറാക്കി കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ 886 സ്ക്വയര്‍ കി.മി. ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള നിലവിലെ കരട് വിജ്ഞാപനം ഫൈനല്‍ വിജ്ഞാപനമായി പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

2014 മുതല്‍ 10 വര്‍ഷമായിട്ടും ജിയോ കോര്‍ഡിനേറ്റ് എടുക്കാതെ എല്ലാം കൈയ്യില്‍ വച്ചുകൊണ്ടിരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള 9993 സ്ക്വയര്‍ കിലോമിറ്റര്‍ ഇഎസ്എ വിജ്ഞാപനം പുറത്തിറങ്ങുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് ഡീന്‍ മുന്നറിയിപ്പ് നല്‍കി.

ആദ്യം 3000 സ്ക്വയര്‍ കിലോമീറ്റര്‍ ഇളവ് വാങ്ങിയ സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ ഒരിക്കല്‍ ഇളവ് നല്‍കിയ കാര്യം ചൂണ്ടിക്കാട്ടി വയനാട് ദുരന്തത്തിന്‍റെ സാഹചര്യത്തില്‍ ഒക്കെ വിവരിച്ച് ഇതേനിലയില്‍ തന്നെ ഒരു ഫൈനല്‍ വിജ്ഞാപനം പുറത്തിറക്കാന്‍ കേന്ദ്രത്തിന് പ്രയാസമില്ല. അതൊഴിവാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അവധാനതയോടുകൂടി ഇടപെടണം.

ഇത്രയും നാളുകളായിട്ടും പ്രശ്നബാധിത മേഖലകളിലെ ഒരു ജനപ്രതിനിധിയേപ്പോലും വിളിച്ച് ഒരു ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

ഇന്‍ഫാമാണ് ആദ്യമായി ഇക്കാര്യത്തില്‍ വളരെ ഗൗരവതരമായ ഒരു ചര്‍ച്ച സംഘടിപ്പിച്ചത്. കാര്‍ഷിക പ്രശ്നങ്ങളില്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മാത്രം ശക്തമായ സംഘടനയാണ് ഇന്‍ഫാം – അദ്ദേഹം പറഞ്ഞു.

കാഞ്ഞിരപ്പള്ളിയില്‍ ഇന്‍ഫാം സംഘടിപ്പിച്ച ‘ഇഎസ്എ വിടുതല്‍ സന്ധ്യ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ്.
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംപിമാരായ ജോസ് കെ മാണി, ആന്‍റോ ആന്‍റണി, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്‍കി. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed