കോട്ടയം: സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങുമായി വീണ്ടും കേന്ദ്രം, ചെന്നു ചാടിയാല്‍ കര്‍ഷകരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. നാച്ചുറല്‍ ഫാമിങ് നാളികേരത്തിലേക്കും വ്യാപിപ്പിക്കാന്‍ കേന്ദ്ര കൃഷിവകുപ്പ്. മണ്ണിന്റെ ഫലഭൂയിഷ്ഠത പരിപോഷിപ്പിച്ച് കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ശ്രദ്ധ കേന്ദ്രീകരിച്ച് നാച്ചുറല്‍ ഫാമിങ്ങിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നാണ് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി രാം നാഥ് താക്കൂര്‍ നാളികേര വികസന ബോര്‍ഡ് സംഘടിപ്പിച്ച ലോക നാളികേര ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്.
കഴിഞ്ഞ 30 വര്‍ഷങ്ങളായി ഭൂമിയുടെ ഫലഭൂയിഷ്ഠത മോശമാവുകയും ഇതു മനുഷ്യന്റെ ആരോഗ്യ സ്ഥിതിയും മോശമാക്കി. ഇതിനാല്‍ ഭൂമിയുടെയും മനുഷ്യരാശിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നാം ജൈവ കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനും ഇതേ ആശയം മുന്നോട്ടുവെച്ചിരുന്നു.
നാളികേര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. തെങ്ങിനെ രോഗങ്ങള്‍ കീഴ്‌പ്പെടുത്തുന്നതുകാരണം കൃഷി തന്നെ കുറയാന്‍ കാരണമായി. ഒരു വര്‍ഷം പോലും പ്രായമാകാത്ത തെങ്ങിന്‍ തൈകള്‍ മുതല്‍ കായ്ഫലമെത്തിയവ വരെ ചെല്ലിയുടെ ആക്രമണത്തില്‍ നശിക്കുകയാണ്. പലതവണ തെങ്ങുകള്‍ നശിക്കുന്നതോടെ, കൃഷി തന്നെ ഉപേക്ഷിക്കുകയാണു കര്‍ഷകര്‍. ഒപ്പം മറ്റു രോഗങ്ങളും തെങ്ങിനെ ദോഷകരമായി ബാധിക്കുന്നു. ഇതോടെ കേരളത്തിൽ നാളികേര കൃഷി ഗണ്യമായി കുറഞ്ഞു. ഇപ്പോള്‍ നാളികേരത്തിനായി തമിഴ്‌നാടിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലയാളികള്‍. തമിഴ്‌നാട്ടിലും രാസവളങ്ങുടെയും കീടനാശനികളുടെയും പിന്‍ബലത്തിലാണ് കൃഷി പിടിച്ചു നില്‍ക്കുന്നത്.
കേന്ദ്രത്തിന്റെ വാക്കും കേട്ടു നാച്ചുറല്‍ ഫാമിങ്ങിലേക്കു കര്‍ഷകര്‍ തിരിഞ്ഞാല്‍ ഉല്‍പാദന ചിലവ് കുറയുമെങ്കിലും അത്യുല്‍പാദന ശേഷിയുള്ള വിത്തുകളും രാസവളവും കീടനാശിനികളും ഉപയോഗിച്ചുള്ള ഇപ്പോഴത്തെ കൃഷിരീതി ഉപേക്ഷിച്ചാല്‍ രോഗബാധ ഉള്‍പ്പടെ വന്‍ പ്രതിസന്ധിയാകും കര്‍ഷകരെ കാത്തിരിക്കുന്നത്. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി നാച്ചുറല്‍ ഫാമിങ്ങിന് ഊന്നല്‍ നല്‍കണമെന്ന് മോഡി സർക്കാർ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നെല്ലും ഗോതമ്പും മറ്റു വിളകളും ഇത്തരത്തില്‍ കൃഷി ചെയ്യണമെന്നാണ് കേന്ദ്രം മുന്നോട്ടു വെക്കുന്ന നിര്‍ദേശം.
സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് എന്നത് ഹരിത വിപ്ലവത്തിന് മുന്‍പുള്ള രീതിയിലേക്കു മടങ്ങിപ്പോക്കാണ്. ഇതു കര്‍ഷകരുടെ നേരിട്ടുള്ള ചെലവ് കുറയ്ക്കുകയും ഗോമൂത്രം, ചാണകം എന്നിവ പോലുള്ള പ്രകൃതിദത്ത ഉല്‍പന്നങ്ങളുടെ ഉപയോഗത്തിന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് നാച്ചുറല്‍ ഫാമിങ്. കൂടാതെ രാസവളങ്ങള്‍, കീടനാശിനികള്‍, കളനാശിനികള്‍ എന്നിവയുടെ ഉപയോഗം പൂര്‍ണ്ണമായും നിരസിക്കുകയും ചെയ്യും. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വിളകളുടെ അവശിഷ്ടങ്ങള്‍ പുതയിടുക, ജല ഉപഭോഗം കുറയ്ക്കുന്നതിന് വാഫാസ (മണ്ണ് വായുസഞ്ചാരം) എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
നാച്ചുറല്‍ ഫാമിങ്ങിന്റെ സാധ്യതകള്‍ വികസിപ്പിക്കാന്‍ ഗവേഷണം ഉള്‍പ്പടെയുള്ളവ കേന്ദ്രം പ്രോസാഹിപ്പിക്കുന്നുണ്ട്. ഈ കൃഷിരീതി ഉല്‍പ്പാദനച്ചെലവ് ഏതാണ്ട് പൂജ്യത്തിനടുത്തെത്തിച്ച് ഹരിതവിപ്ലവത്തിനു മുമ്പുള്ള കൃഷിരീതിയിലേക്ക് മടങ്ങാന്‍ ലക്ഷ്യമിടുന്നത്. ക്രേന്ദത്തിന്റെ നയത്തോട് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. നാച്ചുറല്‍ ഫാമിങ്ങിലേക്കു മടങ്ങിയാല്‍ ഭക്ഷ്യക്ഷാമം ഉള്‍പ്പടെ നേരിടേണ്ടി വരുമെന്നു കാർഷിക രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.