കോട്ടയം: നിരവധി സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പടെ കടന്നുപോകുന്ന പുത്തന്‍പുരപ്പടിയില്‍ റോഡിനു സംരക്ഷണഭിത്തിയില്ലാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. വെട്ടത്തുകവല-ഇലക്കൊടിഞ്ഞി റോഡില്‍ പുത്തന്‍പുരപ്പടി കവലയ്ക്കു സമീപം 100 മീറ്റര്‍ നീളത്തില്‍ തോടിനു സമീപമുള്ള റോഡിനാണു സംരക്ഷണഭിത്തിയില്ലാത്തത്. 20 അടി താഴ്ചയിലുള്ള തോടിന്റെ വശത്താണ് റോഡ്. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ ചെറിയവളവും റോഡിനുണ്ട്.
അമിതവേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ ഇവിടെ കൂട്ടിയിടിക്കുന്നതും പതിവാണ്. സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ റോഡിലെ മണ്ണ് ഒലിച്ചു തോട്ടിലേക്കു പോകുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. ഇതിനു സമീപമാണു ബസ് നിര്‍ത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. മഴക്കാലത്ത് വെള്ളം കയറുമ്പോള്‍ റോഡും തോടും തിരിച്ചറിയാത്തവിധം മൂടിപോകുന്നതാണ്. വഴിയാത്രക്കാര്‍ റോഡിലേക്ക് കയറിമാത്രമേ ഇപ്പോള്‍ നടന്നുപോകുവാന്‍ സാധിക്കുകയുള്ളു. ഇവിടെ റോഡിനു വീതി കുറവുള്ള പ്രദേശം കൂടിയാണ്.
വര്‍ഷങ്ങള്‍ പഴക്കമുള്ള റോഡില്‍ പല സ്ഥലത്തും റോഡിനു സംരക്ഷണഭിത്തിയില്ലാത്തതും വളവുകള്‍ നിവര്‍ത്താത്തതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. കെകെ റോഡിനു ഗതാഗതത്തിനു തടസം വരുമ്പോള്‍ പാമ്പാടിയില്‍നിന്നും പുതുപ്പള്ളി വഴി വാഹനങ്ങള്‍ കടത്തിവിടുന്നതും ഈ റോഡുവഴിയാണ്.
സ്‌കൂള്‍, കോളജ് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിനു സംരക്ഷണിഭിത്തി നിര്‍മിക്കണമെന്നാവശ്യം നാളുകളായുള്ള ആവശ്യമാണ്. കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പ് ശുചീകരണത്തിന്റെ ഭാഗമായി റോഡിനു സമീപമുള്ള കാട് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഇതോടെ പ്രദേശത്തെ റോഡിന്റെ വശം തെളിയുകയും ശക്തമായ മഴയ്ക്കു വെള്ളം ഇറങ്ങി മണ്ണ് തോട്ടിലേക്ക് പോയത് കുഴി രൂപപ്പെട്ടു.