അമരാവതി: മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡു ഉണ്ടാക്കാന്‍ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു രംഗത്ത്.
തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നടത്തുന്ന തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലാണ് തിരുപ്പതി ലഡ്ഡു പ്രസാദമായി നല്‍കുന്നത്.
നിലവാരമില്ലാത്ത ചേരുവകള്‍ ഉപയോഗിച്ചാണ് തിരുമല ലഡ്ഡു പോലും ഉണ്ടാക്കിയിരിക്കുന്നത്. നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് അവര്‍ ഉപയോഗിച്ചതെന്ന് എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കവെ നായിഡു അവകാശപ്പെട്ടു.
ശുദ്ധമായ നെയ്യാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തില്‍ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഇത് ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മുതിര്‍ന്ന വൈഎസ്ആര്‍സിപി നേതാവും മുന്‍ ടിടിഡി ചെയര്‍മാനുമായ വൈ വി സുബ്ബ റെഡ്ഡി നായിഡുവിന്റെ ആരോപണം ദുരുദ്ദേശ്യപരമാണെന്നും രാഷ്ട്രീയ നേട്ടത്തിനായി ടിഡിപി മേധാവി ഏത് തലത്തിലേക്കും തരംതാഴുമെന്നും പറഞ്ഞു.
നായിഡു തന്റെ പരാമര്‍ശങ്ങളിലൂടെ വിശുദ്ധ തിരുമലയുടെ പവിത്രതയ്ക്കും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിനും സാരമായ കോട്ടം വരുത്തിയതായി ടിടിഡി ചെയര്‍മാനും വൈഎസ്ആര്‍സിപി നേതാവും രാജ്യസഭാംഗവുമായ സുബ്ബ റെഡ്ഡി ആരോപിച്ചു.
തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം നമ്മുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ഭരണകൂടം തിരുപ്പതി പ്രസാദത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, മന്ത്രി നാരാ ലോകേഷ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
കോടിക്കണക്കിന് ഭക്തരുടെ മതവികാരം മാനിക്കാന്‍ മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ലോകേഷ് ആരോപിച്ചു.