കോട്ടയം: ഓണക്കാലത്ത് ബിവറേജ് ഔട്ട്ലെറ്റുകളില്‍ നിന്നുള്ള മദ്യവില്‍പനയിലുണ്ടായ ഇടിവ് വയനാട് ദുരന്തത്തെ തുടര്‍ന്ന് ഓണാഘോഷങ്ങളില്‍ ഉണ്ടായ കുറവോ? അതോ യുവാക്കള്‍ രാസലഹരിയിലേക്കു തിരിഞ്ഞതോ?. സംസ്ഥാനത്തെ എക്‌സൈസ് വകുപ്പ് തന്നെ സമ്മതിക്കുന്നത് യുവാക്കളില്‍ നല്ലൊരു ഭാഗം മദ്യത്തില്‍ നിന്നു മാറി രാസലഹരിയിലേക്കു തിരിഞ്ഞതായാണ്. മുന്‍ വര്‍ഷത്തെ ഓണക്കാലത്തെ അപേക്ഷിച്ച് ഉത്രാടം വരെയുള്ള മദ്യവില്‍പ്പനയില്‍ 14 കോടിയുടെ കുറവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 715 കോടിയുടെ മദ്യവില്‍പന നടന്നിരുന്നു.
കാലങ്ങളായി ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റിരുന്ന ചാലക്കുടി ഔട്ട്‌ലെറ്റിനെ പിന്തള്ളി ഇത്തവണ കൊല്ലം ആശ്രാമം ബിവറേജ് ഔട്ട്ലെറ്റ് മുമ്പിലെത്തിയതു ശ്രദ്ധേയമാണ്. കൊല്ലം ജില്ലയിലെ തന്നെ കരുനാഗപ്പള്ളിയാണ് രണ്ടാം സ്ഥാനത്ത്. ചാലക്കുടിക്ക് മൂന്നാം സ്ഥാനമാണുള്ളത്. പുതിയതായി നൂറോളം ബാറുകളാണ് സംസ്ഥാനത്ത് തുടങ്ങിയിട്ടും മദ്യവില്‍പന കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പ്രധാന കാരണം യുവജനങ്ങളില്‍ രാസലഹരിയുടെ ഉപയോഗം വർധിച്ചതാണ്. ഒപ്പം വയനാട് ദുരന്തത്തിന്റെ ഭാഗമായി ഓണാഘോഷങ്ങളും മറ്റും ഉപേക്ഷിച്ചതും മദ്യവരുമാനം കുറയുവാനുണ്ടായ കാരണങ്ങളില്‍ ഒന്നാണെന്നാണ് എസ്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അപ്പോഴും ബംഗളൂരു ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നിന്നു വന്‍തോതില്‍ രാസലഹരി കേരളത്തിലേക്ക് ഒഴുകുന്നുണ്ട് എന്നത് ഒരു വസ്തുതയായി നിലനില്‍ക്കുന്നു. കൂടുതല്‍ ലഹരി, ഉപയോഗിച്ചാല്‍ പെട്ടന്ന് പിടിക്കപ്പെടില്ല തുടങ്ങി യുവാക്കള്‍ രാസലഹരിയിലേക്കു മാറാന്‍ കാരണങ്ങള്‍ പലതാണ്.
കഴിഞ്ഞ വര്‍ഷം മാത്രം 6610 രാസലഹരി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 325 എണ്ണം സ്‌കൂളുകളിലായിരുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്നത്. 2021-ന് ശേഷം രാസലഹരികളായ എം.ഡി.എം.എ,മെത്താംഫെറ്റാമൈന്‍,എല്‍.എസ്.ഡി,കൊകൈയ്ന്‍ തുടങ്ങി പിടികൂടിയ കേസുകളില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പിടികൂടിയതിന്റെ അനേകം ഇരട്ടിയാണ് സംസ്ഥാനത്ത് വിറ്റഴിക്കപ്പെട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രാസലഹരി എത്തുന്നത് ബംഗ്ലുരുവില്‍ നിന്നാണെന്നാണ് എക്സൈസ് കണ്ടെത്തിയത്.
രാസലഹരി നിര്‍മിക്കുന്ന യൂണിറ്റുകള്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്‍പു നടന്ന പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ആഫ്രിക്കന്‍ വംശജരായ വിദ്യാര്‍ഥികള്‍ വരെ ഇത്തരം സംഘങ്ങളുടെ കണ്ണികളുടെ ഭാഗമാണ്. ബംഗളൂരുവില്‍ നിര്‍മിക്കുന്ന ലഹരി വസ്തുക്കള്‍ ഇവിടെ പടിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികളും ജോലി തേടി എത്തുന്ന യുവാക്കള്‍ വഴി നാട്ടിലേക്കു എത്തിക്കുന്നതാണ് പതിവ്. ഇവര്‍ക്കു ലഹരി കൈമാറുന്നത് ഏജന്റുമാരായതിനാല്‍ ഇവരെ പിടികൂടിയാലും ലഹരി സംഘങ്ങളിലേക്ക് എത്താന്‍ സാധിക്കില്ല. നാട്ടില്‍ എത്തിക്കുന്ന ലഹരി വസ്തുക്കള്‍ വിതരണം ചെയ്യാന്‍ ഗുണ്ടാ സംഘങ്ങളും സജ്ജമാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതമാകും ഉണ്ടാകുക.