യുദ്ധ ചരിത്രത്തിലെ അസാധാരണ സംഭവം; പേജര്‍ സ്ഫോടനം സാധ്യമായത് എങ്ങനെ? മുൻ മാതൃകകളൊന്നുമില്ലാത്ത യുദ്ധമുറ

ദില്ലി:യുദ്ധങ്ങളുടെ ചരിത്രത്തിൽ തന്നെ അസാധാരണമായൊരു സംഭവമാണ് ലെബനോനിലെ പേജർ സ്ഫോടനം. മുൻ മാതൃകകളൊന്നും തന്നെയില്ലാത്ത
യുദ്ധമുറയാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. പേജര്‍ പോലെയൊരു ചെറിയ വസ്തുവിനെ എങ്ങനെയാണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. പേജറിനെ മാരകായുധമാക്കി മാറ്റിയ ബുദ്ധി ഇസ്രയേലിന്‍റേതാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.

സയൻസ് ഫിക്ഷൻ കഥകളിലും സിനിമകളിലും ഒക്കെ മാത്രം കണ്ടിട്ടുള്ള ആക്രമണ രീതി സാധ്യമാക്കിയതിന് രണ്ട് സാധ്യതകളാണ് വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നത്.  നിർമ്മാണ സമയത്തോ, അതിന് ശേഷം പേജർ ഹിസ്ബുല്ലയുടെ കയ്യിൽ എത്തുന്നതിന് മുമ്പോ പേജറുകൾക്ക് അകത്ത് ചെറിയ അളവിൽ സ്ഫോടനവസ്തു ഉൾപ്പെടുത്തി എന്നതാണ് ആദ്യ സാധ്യത.

നിർമ്മാണ കമ്പനിയോ കമ്പനിക്ക് വേണ്ടി ഘടകങ്ങൾ എത്തിച്ച് നൽകുന്നവരെയോ സ്വാധീനിച്ചോ അവരുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയോ ആകാം ഇത് സാധിച്ചെടുക്കാനുള്ള സാധ്യതയുണ്ടെന്ന് കേണല്‍ ഡിന്നി പറയുന്നു. പേജറിനെ ഹാക്ക് ചെയ്ത്, അതിലെ ബാറ്ററിയെ ചൂടാക്കി പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതാകാമെന്നതാണ് രണ്ടാമത്തെ സാധ്യത.

പ്രത്യേക ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളിലൂടെയോ, അല്ലെങ്കിൽ തുടരെ തുടരെ സന്ദേശങ്ങൾ അയച്ച് പേജറിനെ ചൂടാക്കിയോ ആയിരിക്കാം ഇത് സാധിച്ചെടുത്തത്. ഇതാണ് നടന്നതെങ്കിൽ സ്വന്തം ബാറ്ററിയുള്ള ഏത് ഇലക്ട്രോണിക് ഉപകരണത്തെയും ഭാവിയിൽ സ്ഫോടകവസ്തുവായി മാറ്റാനുള്ള അപകടകരമായ സാധ്യതയാണ് തുറന്ന് വരുന്നത്. തായ്വാൻ ആസ്ഥാനമായ ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

അവയുടെ ബാറ്ററി ശേഷിയും, വലിപ്പവും ഒക്കെ വച്ച് നോക്കുമ്പോള്‍ ബാറ്ററി മാത്രം ചൂടായി പൊട്ടിത്തെറിച്ചാൽ വീഡിയോകളിൽ കണ്ടതിന് സമാനമായ സ്ഫോടനത്തിന് സാധ്യതയില്ല. അത് കൊണ്ട് ആദ്യ രീതിക്കാണ് സാധ്യത കൂടുതലെന്ന് വിദഗ്ധര്‍ പറയുന്നത്. അ‌ഞ്ച് മാസം മുമ്പാണ് ഹിസ്ബുല്ല പുതിയ പേജറുകൾ ഇറക്കുമതി ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.2000ത്തിന്‍റെ തുടക്കത്തോടെ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണ് പേജറുകളുടേത്.

ചെറു സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ശേഷി മാത്രമാണ് ഇവയ്ക്കുള്ളത്.ഇൻ്റർനെറ്റുമായി ബന്ധവുമില്ല. ഇസ്രയേലിന്‍റെ ചാര സംവിധാനത്തിന്റെ കെൽപ്പും ചാര സോഫ്റ്റ്‍വെയറുകൾ ഫോണുകളിലും കന്പ്യൂട്ടറുകളിലും കയറ്റിവിടാനുള്ള  അവരുടെ മിടുക്കും കണക്കിലെടുത്താണ് ഹിസ്ബുല്ല പേജറുകളിലേക്ക് തിരിഞ്ഞത്. സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ പേജറിലേക്ക് മാറിയ ഹിസ്ബുല്ലയ്ക്ക് ആ ഉപകരണത്തിൽ തന്നെ അപകടം പൊതിഞ്ഞു കിട്ടി.

നിങ്ങളുടെ എല്ലാ നീക്കവും ഞങ്ങളുടെ നിരീക്ഷണത്തിലാണെന്ന സന്ദേശമാണ് പേജർ സ്ഫോടനത്തിലൂടെ ഇസ്രയേൽ ഹിസ്ബുല്ലയ്ക്ക് നൽകിയിരിക്കുന്നതെന്ന സംശയമാണ് ഇതോടെ ഉയരുന്നതെന്നും പുതിയകാല യുദ്ധമുഖങ്ങളെക്കുറിച്ചുള്ള നിലവിലെ ധാരണകൾ കൂടിയാണ് പേജർ സ്ഫോടനത്തോടെ തകർന്നിരിക്കുന്നതെന്നും കേണല്‍ ഡിന്നി പറഞ്ഞു.

പേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലെബനോൻ; പരിക്കേറ്റ 200ലധികം പേരുടെ നില ഗുരുതരം, ശക്തമായ തിരിച്ചടിയെന്ന് ഹിസ്ബുല്ല

 

By admin