പുതുപ്പള്ളി. അരനൂറ്റാണ്ടോളം പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധിയും രണ്ട് തവണ കേരള മുഖ്യമന്ത്രിയും ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ പേരിനോളം അനുയോജ്യമായ മറ്റൊരു പേര് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വക കമ്യൂണിറ്റി ഹാളിന് നൽകുന്നത് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടി ഡികെടിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിയ്ക്കുന്നു.
പുതുപ്പള്ളിയുമായി പുലബന്ധം പോലുമില്ലാത്ത ഇഎംഎസിന്റെ പേര് കമ്യൂണിറ്റി ഹാളിന് നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ ആണ് ഇങ്ങനെ ഒരു പ്രതിഷേധം സംഘടിപ്പിയ്ക്കുന്നത് എന്ന് ഡികെടിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് അൽഫോൻസ് എൻ.എസ് പറഞ്ഞു.
പുതുപ്പള്ളി നിയോജക മണ്ഡലത്തെയും പുതുപ്പള്ളിയെയും എന്നും തന്നോട് ചേർത്തു നിർത്തിയ ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ പേരിന് പകരം ഇഎംഎസ് ന്റെ എന്നല്ല മറ്റാരുടെ പേര് നൽകുന്നതും പുതുപ്പള്ളിയിലെ ജനങ്ങളെ അപമാനിയ്ക്കുന്നതിന് തുല്യമാണ്.
ജനങ്ങൾ ഈ നീച രാഷ്ട്രീയ തീരുമാനത്തിന് എതിരെ ശക്തമായി പ്രതികരിയ്ക്കുമെന്നതിന് സംശയമില്ല. കമ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേര് നൽകുന്നതിൽ നിന്ന് പഞ്ചായത്ത് ഭരണസമിതി പിൻമാറണം എന്നാണ് ഡികെടിഎഫിനും പുതുപ്പള്ളിയിലെ ജനങ്ങൾക്കും പറയാൻ ഉള്ളത് എന്നും അൽഫോൻസ് സത്യം ഓൺലൈനിനോട് പറഞ്ഞു.
എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും സാന്നിധ്യം ഈ പ്രതിഷേധ സമരത്തിൽ ഉണ്ടാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
2021 സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 10.30 ന്, പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന് മുന്നിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സമരം കെപിസിസി സെക്രട്ടറി, കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്യും. ഡികെടിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അൽഫോൻസ് എൻ.എസ് അദ്ധ്യക്ഷനാകും.
മുൻ ഡിസിസി പ്രസിഡണ്ടും കെപിസിസി നിർവാഹക സമിതി അംഗവുമായ ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും.
ഡികെടിഎഫ് കോട്ടയം ജില്ലാ പ്രസിഡന്റ് പി.കെ ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പർ റെജി എം. ഫിലിപ്പോസ്, ഐഎൻടിയുസി സംസ്ഥാന വൈസ്പ്രസിഡന്റ് അനിയൻ മാത്യു തുടങ്ങിയ നേതാക്കൾ പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത് സംസാരിയ്ക്കും.