കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. ക്ഷേത്ര നടപ്പന്തലിലെ വീഡിയോഗ്രഫി ആണ് കോടതി വിലക്കിയത്. വിവാഹച്ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കും അല്ലാതെ നടപ്പന്തലിൽ വീഡിയോഗ്രഫി അനുവദിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രഫിക്കും നിയന്ത്രണമുണ്ട്.
വ്ലോഗർമാരുടെയും റീലിസ് പ്രേമികളുടെയും ഇഷ്ടയിടമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ. ഇതുമൂലം ഭക്തർക്കുണ്ടാകുന്ന അസൗകര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഇടപെടൽ. നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ചിത്രകാരി ജസ്ന സലീം ഗുരുവായൂർ ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ച സംഭവവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ആരാധനലയം മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും അതിനാലാണ് നിയന്ത്രണമെന്നും ഹൈക്കോടതി വ്യക്തമാക്കി.