കോട്ടയം: ചെങ്ങന്നൂര്‍ – പമ്പ റെയിൽ പാതയ്ക്കു ഗ്രീന്‍ സിഗ്നല്‍ ലഭിച്ചെങ്കിലും ശബരി റെയിൽവേ പദ്ധതിയുടെ കാര്യത്തില്‍ ആശങ്ക ഒഴിയുന്നില്ല.
ചെങ്ങന്നൂര്‍ – പമ്പ പാത ശബരി പാതയ്ക്കു ബദല്‍ അല്ലെങ്കിലും കേന്ദ്രത്തിന്റെ തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണ് കേരളം. ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് പ്രതിസന്ധി നീളുന്നതിനാല്‍ ശബരി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചതായുള്ള സൂചനകളാണ് ഇതിനോടകം പുറത്തു വരുന്നത്.
മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും തഴയപ്പെട്ടു.
ഇതോടെയാണ് ചെങ്ങന്നൂര്‍ – പമ്പ പാതയെ മലയോര മേഖലയ്ക്കുള്ള ബദല്‍ പദ്ധതിയായി കേന്ദ്രം പരിഗണിക്കുന്നുവെന്ന സൂചനകള്‍ പറുത്തു വന്നത്. നിര്‍ദ്ദിഷ്ട അങ്കമാലി – എരുമേലി ശബരി പാത ശബരിമലയില്‍ നിന്ന് ഇരുപത്തഞ്ച് കിലോമീറ്റര്‍ അകലെയാണ് അവസാനിക്കുന്നത്.

ശബരി പാതയ്ക്ക് ബദലായി ചെങ്ങന്നൂര്‍ – പമ്പ പാതയെ കണക്കാക്കാനാവില്ല. ദൂരവും ചെലവും യാത്രക്കാരുടെ ഉപയോഗവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്രദം അങ്കമാലി-എരുമേലി റെയില്‍പാതയാണ്. ചെങ്ങന്നൂര്‍-പമ്പ 59.23 കിലോമീറ്റര്‍ റെയില്‍ പാതയെ അപേക്ഷിച്ച് അങ്കമാലി-എരുമേലി റെയില്‍ പാതയാണ് കേരളത്തിന് നല്ലത്. പമ്പ ചെങ്ങന്നൂര്‍ പാതയില്‍  മണ്ഡലകാലമല്ലാതെ തിരക്ക് ഉണ്ടാകില്ല.
അങ്കമാലി-എരുമേലി റെയില്‍വേ പാത വരുന്നതോടെ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സാധിക്കും.
ഇടുക്കി ഉള്‍പ്പെടെയുള്ള മലയോരങ്ങളില്‍ റെയില്‍വേ സൗകര്യം വരും. ഭാവിയില്‍ റെയില്‍വേ ലൈന്‍ വിഴിഞ്ഞം തുറമുഖം വരെ നീട്ടാനും സാധിക്കും.
3800.94 കോടി രൂപയാണ് അങ്കമാലി-എരുമേലി റെയില്‍പാതയുടെ ചെലവ് എസ്റ്റിമേറ്റ്. ഇതില്‍ 1900.47 കോടി കേരളം ചെലവഴിക്കണം. അത്രയും തുക സംബന്ധിച്ച് ഉറപ്പ് ലഭിക്കാതെ പദ്ധതി പരിഗണിക്കില്ലെന്നാണ് റെയില്‍വേയുടെ നിലപാട്.
കിഫ്ബിയില്‍ നിന്ന് പണം എടുക്കാമെന്ന ധാരണയില്‍ പകുതി ചെലവ് വഹിക്കാന്‍ കേരളം സമ്മതിച്ചിരുന്നു. എന്നാല്‍, കിഫ്ബിയില്‍ നിന്ന് വായ്പയെടുക്കുന്നത് സംസ്ഥാനത്തിന്റെ മൊത്തം കടമെടുക്കല്‍ പരിധി കുറയ്ക്കുമെന്നതിനാല്‍ ഈ നീക്കം പിന്നീട് മരവിപ്പിക്കുകയും ചെയ്തു.
പ്രദേശിക ഏതിര്‍പ്പുകളും സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണവും പദ്ധതി മുടങ്ങാന്‍ കാരണമായെന്നും  കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. അന്ന് ചെങ്ങന്നൂര്‍ – പമ്പ പാതയുമായി മുന്നോട്ടു പോവുകയാണെന്നും അറിയിച്ചിരുന്നു.
111 കിലോമീറ്റര്‍ അങ്കമാലി-എരുമേലി റെയില്‍പാതയില്‍ ഏഴു കിലോമീറ്റര്‍ റെയിലും പാലവും നിര്‍മിച്ചിട്ടുണ്ട്. 264 കോടി ചെലവഴിച്ച് 2019-ല്‍ റെയില്‍വേ ശബരി പദ്ധതി മരവിപ്പിച്ചു ശേഷം നാളിതുവരെ ഒരു പരുരോഗതിയും ഉണ്ടായിട്ടില്ല.
ചെങ്ങന്നൂര്‍ – പമ്പ റെയില്‍പ്പാത മലയോര മേഖലകളിലേക്കുള്ള ട്രെയിന്‍ ഗതാഗതത്തിന് വഴിയൊരുക്കുമെന്നാണ് നിലവിലെ  വിലയിരുത്തല്‍. പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചത്.
ചെങ്ങന്നൂര്‍ – പമ്പ പാത ശബരിമല ക്ഷേത്രത്തിന് നാല് കിലോമറ്റര്‍ അടുത്ത് അവസാനിക്കും. പമ്പയ്ക്ക് സമീപമാണ് റെയില്‍വേ സ്റ്റേഷന് സാധ്യത തേടുന്നത്.

ചെങ്ങന്നൂര്‍ മുതല്‍ പമ്പ വരെ റോഡ് ദൂരം തൊണ്ണൂറ് കിലോമീറ്ററാണ്. രണ്ടര മണിക്കൂറോളം യാത്ര ചെയ്താലാണ് പമ്പയിലെത്തുന്നത്. റെയില്‍പ്പാത വരുമ്പോള്‍ ദൂരം 59.23 കിലോമീറ്ററായി കുറയും. നാല്‍പ്പത്തിയഞ്ച് മിനിട്ടിനുളളില്‍ പമ്പയിലെത്തും.

പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഫണ്ടു കൊണ്ട് നിര്‍മിക്കുന്ന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുണ്ടാകില്ലെന്നാണ് അറിയുന്നത്. സ്ഥലം ഏറ്റെടുത്ത് നല്‍കല്‍ മാത്രമായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം. 
അതേ സമയം ചെങ്ങന്നൂര്‍ പമ്പ പാതയുടെ പേരില്‍ ശബരി റെയില്‍ പദ്ധതി അവസാനിപ്പിക്കാന്‍ അവസരം നല്‍കരുതെന്നും രണ്ടു പദ്ധതികളും ഒന്നിച്ചു പൂര്‍ത്തിയാക്കാനുള്ള നീക്കം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *