ഇത്തവണയും ഞെട്ടിക്കും! ഇതാണ് ‘വേട്ടൈയനി’ലെ ഫഹദ്; കഥാപാത്രത്തിന്‍റെ പേര് വെളിപ്പെടുത്തി അണിയറക്കാര്‍

കരിയറിന്‍റെ ആദ്യ ഘട്ടത്തില്‍ മലയാളത്തില്‍ കൈയടി നേടിയപ്പോഴും മറുഭാഷാ സിനിമകളില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നു ഫഹദ് ഫാസില്‍. എന്നാല്‍ പില്‍ക്കാലത്ത് ആ തീരുമാനം മാറ്റിയപ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് പാന്‍ ഇന്ത്യന്‍ ശ്രദ്ധ തന്നെയാണ് അദ്ദേഹം നേടിയത്. രജനികാന്തിനൊപ്പമാണ് തമിഴില്‍ വരാനിരിക്കുന്ന ഫഹദിന്‍റെ വേഷം. ഇപ്പോഴിതാ ആ കഥാപാത്രത്തിന്‍റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറക്കാര്‍.

ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ടി ജെ ജ്ഞാനവേല്‍ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന വേട്ടൈയന്‍ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷത്തില്‍‌ ഫഹദ് ഫാസില്‍ എത്തുന്നത്. അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്. പാട്രിക് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഒരു ഷോര്‍ട്ട് വീഡിയോയിലൂടെയാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ഫഹദിന്‍റെ കഥാപാത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സൂപ്പര്‍ ഡീലക്സ്, വിക്രം, മാമന്നന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ഫഹദ് തമിഴ് പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു.

 

രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ എത്തുന്നു എന്നതാണ് വേട്ടൈയന്‍റെ ഏറ്റവും പ്രധാന യുഎസ്‍പി. 33 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗും ദുഷറ വിജയനും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഒക്ടോബര്‍ 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ALSO READ : ‘കുട്ടൻ്റെ ഷിനിഗാമി’; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin