ഡല്‍ഹി: ജി20-യില്‍ അവതരിപ്പിക്കപ്പെട്ട പാരിസ് കാലാവസ്ഥ ലക്ഷ്യങ്ങള്‍ സമയപരിധിക്ക് മുമ്പേ നേടിയെടുത്ത ആദ്യത്തെ ജി20 രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വികസിത രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് ഒരു വികസ്വര രാജ്യം ചെയ്‌തു കാണിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു. 2030 വരെ 500GW എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.
കാലാവസ്ഥ വ്യതിയാന പ്രശ്‌നം ആഗോളതലത്തിൽ ചര്‍ച്ചയാകുന്നതിന് വളരെ മുമ്പുതന്നെ മഹാത്മാഗാന്ധി മികച്ച പാരിസ്ഥിതിക കാൽപ്പാടോടെയാണ് ജീവിച്ചിരുന്നതെന്ന് മോദി പറഞ്ഞു.
‘കാലാവസ്ഥ വ്യതിയാനം എന്ന പ്രശ്‌നം ലോകം പോലും ചര്‍ച്ചചെയ്യാത്ത കാലത്തും മഹാത്മാഗാന്ധി ലോകത്തിന് മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിന്‍റെ ജീവിതം ഏറ്റവും മികച്ച രീതിയിലുള്ള പരിസ്ഥിതി സൗഹാര്‍ദത്തിലൂന്നിയുള്ളതായിരുന്നു.
നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ടെന്നും എന്നാൽ നമ്മുടെ അത്യാഗ്രഹത്തിന് വേണ്ടത് ഭൂമിയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഹരിത ഭാവിയും നെറ്റ് സീറോയും കേവലം ഫാൻസി വാക്കുകളല്ല. അവ ഇന്ത്യയുടെ പ്രതിബദ്ധതയാണ്.’- മോദി പറഞ്ഞു.
സുസ്ഥിരമായ ഊർജ വിനിയോഗം കെട്ടിപ്പടുക്കാൻ രാജ്യം ദൃഢനിശ്ചയം ചെയ്‌തിട്ടുണ്ടെന്നും ഭാവി സുരക്ഷിതമാക്കാൻ സൗരോർജം, വിന്‍ഡ് പവര്‍, ആണവ, ജലവൈദ്യുതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യ അടുത്ത 1000 വർഷത്തേക്കുള്ള അടിത്തറ ഒരുക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.