ചങ്ങനാശേരി: നീലംപേരൂര്‍ പള്ളിഭഗവതിക്ഷേത്രത്തിലെ പൂരം പടയണി ഉത്സവത്തിന് അവിട്ടം നാളില്‍ ചൂട്ടുവച്ച് തുടക്കമായി. ഇനിയുള്ള മൂന്നു ദിവസങ്ങളിലും ചൂട്ടു പടയണിയാണ്.
ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെയാണ് പൂരം പടയണി. ഒരു ഗ്രാമജനതയുടെ കരവിരുതിന്റെ സമര്‍പ്പണവും നിറങ്ങളുടെ പടയണിയുമാണ് പൂരം പടയണി. അവിട്ടം നാളില്‍ ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി പകര്‍ന്നു തരുന്ന അഗ്നി പടയണി ആചാര്യന്‍ പടയണിക്കളത്തിലേക്ക് ആവാഹിക്കും.
ഈ തിരിനാളം ഗൃഹനാഥന്മാര്‍ വീടുകളില്‍ നിന്നും തെറുത്തു കൊണ്ടു വരുന്ന ചൂട്ടുകറ്റകളിലേക്ക് പകരും. ഇവ കൈയ്യിലേന്തി ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് പടിഞ്ഞാറ് ഭാഗത്തുള്ള ചേരമാന്‍ പെരുമാള്‍ സ്മാരകത്തില്‍ ചെന്ന് അനുവാദം ചോദിച്ച് മടങ്ങുന്നതോയൊണ് പടയണിചടങ്ങുകള്‍ ആരംഭിക്കുക.
ചെവ്വാഴ്ച്ചയും ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും രാത്രി പത്തിന് ചൂട്ടുപടയണി നടക്കും. രണ്ടാം ഘട്ടമായി 20ന് രാത്രി പത്തിന് പൂമരമാണ് പടയണിക്കളത്തിലെത്തുക. 21ന് തട്ടുകുടയും, 22ന് പാറാവളയവും പടണിക്കളത്തിലെത്തും. 23ന് രാത്രി കുടനിര്‍ത്ത്. ഇതോടൊപ്പം കുടംപൂജകളിയും തോത്താകളിയും നടക്കും. മൂന്നാം ഘട്ടമായി 24ന് രാത്രി മുതല്‍ പ്ലാവിലക്കോലങ്ങള്‍ കളത്തിലെത്തും.
ആദ്യദിവസം താപസക്കോലം. 25ന് ആനയും 26ന് ഹനുമാനും കളത്തിലെത്തും 27ന് പ്ലാവിലനിര്‍ത്ത്. ഭീമസേനനാണ് ഈ ദിനത്തിലെ പ്ലാവിലക്കോലം, കുടംപൂജകളി, തോത്താകളി, തുടര്‍ന്ന് പ്ലാവിലക്കോലങ്ങളുടെ എഴുന്നള്ളത്ത്. മൂന്നാം ഘട്ടമായി 28ന് പിണ്ടിയും കുരത്തോലയും, 29ന് കൊടിക്കൂറ, കാവല്‍ പിശാച് എന്നിവ പടയണിക്കളത്തിലെത്തും.
നാലാം ഘട്ടമായ സമാപന ദിനങ്ങളില്‍ 30ന് മകം പടയണി. ഉച്ചയ്ക്ക് ഒന്നിന് ചിറമ്പ്കുത്ത് ആരംഭം, രാത്രി 7.30ന് ചിറമ്പുകുത്ത് തുടര്‍ച്ച, രാത്രി 11ന് കുടംപൂജകളി, തോത്താകളി, വേലകളി തുടര്‍ന്ന് വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്. ഒക്ടോബര്‍ ഒന്നിന് പൂരംപടയണി, രാവിലെ ആറിന് പടയണിക്കളത്തില്‍ ചെറിയന്നങ്ങളുടെയും വല്യന്നങ്ങളുടെയും നിറപണി. 12ന് ഉച്ചപ്പൂജ കൊട്ടിപ്പാടിസേവ, പ്രസാദമൂട്ട്.
വൈകിട്ട് എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങമുറിക്കല്‍ രാത്രി പത്തിന് കുടംപൂജകളി, 10.30ന് മേല്‍ശാന്തി ശങ്കരന്‍നമ്പൂതിരി സര്‍വ്വപ്രായശ്ചിത്വം. തുടര്‍ന്ന് കരനാഥനും ദേവസ്വം പ്രസിഡന്റുമായ പി.കെ. മനോജ്കുമാര്‍ ചേരമാന്‍ പെരുമാള്‍ നടയിലെത്തി അനുജ്ഞവാങ്ങും. തുടര്‍ന്ന് തോത്താകളി, രാത്രി 11ന് പുത്തനന്നങ്ങളുടെ തിരുനട സമര്‍പ്പണം, 12.30ന് വല്യന്നത്തിന്റെ എഴുന്നള്ളത്ത്, അന്നങ്ങള്‍, കോലങ്ങള്‍, പൊയ്യാന, സിംഹം എന്നിവയുടെ എഴുന്നള്ളത്തോടെ നീലംപേരൂര്‍ പടയണിക്ക് സമാപനമാകും.