ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വൈകിട്ട് നാല് മണിയോടെ രാജി സമര്‍പ്പിക്കുമെന്ന് സൂചന.
ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേനയുടെ വസതിയില്‍ നേരിട്ടെത്തിയാകും രാജി നല്‍കുകയെന്നും ആം ആദ്‌മി വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നു രാവിലെ 11.30നു നിയമസഭ കക്ഷി യോഗത്തിനു ശേഷമാകും അന്തിമ പ്രഖ്യാപനം.
ഭാര്യ സുനിത കെജ്‌രിവാളിന്‍റെ പേര് അരവിന്ദ് കെജ്‌രിവാള്‍ തള്ളിയെന്നാണ് സൂചന. പിൻഗാമിയായി മന്ത്രിമാരായ അതിഷി, ഗോപാൽ റായ്, കൈലാഷ് ഗലോട്ട് തുടങ്ങിയവരുടെ പേരുകളാണു സജീവം.
അങ്ങനെയെങ്കില്‍ ധനം, റവന്യു, വിദ്യാഭ്യാസം, ജല വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി അതിഷിയ്ക്കാകും നറുക്ക് വീഴുക. പാര്‍ട്ടിയോഗത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ മുന്നോട്ട് വച്ച പേരും അതിഷിയുടേതാണ്.
വനിത വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. മറ്റ് ചില മന്ത്രിമാരുടെ പേരുകളും യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്.