ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനത്തോട് പ്രതികരിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. രാഷ്ട്രീയത്തിൽ പ്രവേശിക്കരുതെന്നും പകരം സമൂഹത്തെ സേവിക്കുന്നത് തുടരണമെന്നും താന്‍ കെജ്‌രിവാളിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഹസാരെ പറഞ്ഞു.
“രാഷ്ട്രീയത്തിലേക്ക് പോകരുതെന്ന് ഞാൻ കെജ്‌രിവാളിനോട് ആവർത്തിച്ച് പറഞ്ഞിരുന്നു. സമൂഹത്തെ സേവിച്ചാല്‍ നിങ്ങൾ ഒരു വലിയ മനുഷ്യനാകും. ഞങ്ങൾ വർഷങ്ങളോളം ഒരുമിച്ചായിരുന്നു. അക്കാലത്ത്, സാമൂഹിക സേവനം സന്തോഷം നൽകുമെന്ന് ഞാൻ അദ്ദേഹത്തോട് പലപ്പോഴും പറഞ്ഞിരുന്നു. കൂടുതല്‍ സന്തോഷിക്കുക. പക്ഷേ അദ്ദേഹം ആ വാക്കുകൾ ഹൃദയത്തിൽ എടുത്തില്ല. ഇന്ന് സംഭവിക്കേണ്ടത് സംഭവിച്ചു”-അണ്ണാ ഹസാരെ പറഞ്ഞു.
തനിക്കൊപ്പം പ്രവർത്തിക്കുകയും മദ്യത്തിനെതിരെ ശബ്ദമുയർത്തുകയും ചെയ്ത അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ മദ്യനയം ഉണ്ടാക്കുന്നതിൽ അതിയായ വിഷമമുണ്ടെന്നും സ്വന്തം ചെയ്തികൾ കൊണ്ടാണ് അറസ്റ്റ് എന്നും ഹസാരെ നേരത്തെ പ്രതികരിച്ചിരുന്നു.