ബെംഗളൂരു: രാജ്യത്ത് ആദ്യ എംപോക്‌സ് കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബെംഗളൂരു വിമാനത്താവളത്തിലും ജാഗ്രത ശക്തമാക്കി. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും നിർബന്ധിത പരിശോധന ആരംഭിച്ചു. പരിശോധനയുമായി ബന്ധപ്പെട്ട് നാല് കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്.
പ്രതിദിനം രണ്ടായിരത്തോളം യാത്രക്കാര്‍ നിരീക്ഷണത്തിന് വിധേയരാകുന്നു. രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട് എയർപോർട്ട് അധികൃതർ കർശന നടപടികളാണ് സ്വീകരിക്കുന്നത്.
സ്ക്രീനിംഗ്, ടെസ്റ്റിംഗ്, ട്രാക്കിംഗ് എന്നിവയില്‍ സുഗമമായ നടപടിക്രമം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ വക്താവ് പറഞ്ഞു. സ്‌ക്രീനിംഗ് പ്രക്രിയയുടെ ഭാഗമായി വിമാനത്താവളത്തിൽ എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും പരിശോധിക്കുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി.
സംശയാസ്പദമായ കേസുകൾ ഉടനടി കൈകാര്യം ചെയ്യുന്നതിനായി വിമാനത്താവളത്തിൽ ഒരു ഐസൊലേഷൻ സോൺ സ്ഥാപിച്ചിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
എംപോക്‌സ് വ്യാപകമായ രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ കേന്ദ്രീകരിച്ചാണ് പരിശോധന. കോവിഡ് -19 പാൻഡെമിക്കിൻ്റെ പ്രാരംഭ ഘട്ടത്തിൽ നടപ്പിലാക്കിയതിന് സമാനമായ പ്രോട്ടോക്കോളുകളാണ് ഇവിടെയും പാലിക്കുന്നത്.
രോഗബാധിതരാണെന്ന് കണ്ടെത്തുന്ന ഏതൊരു വ്യക്തിയെയും ഐസൊലേറ്റ് ചെയ്യുകയും 21 ദിവസത്തെ ക്വാറൻ്റൈനിൽ ആക്കുകയും ചെയ്യും. ചികിത്സയ്ക്ക് ശേഷം വീണ്ടും പരിശോധന നടത്തും. വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ അവരെ ക്വാറൻ്റൈനിൽ നിന്ന് വിടാൻ അനുവദിക്കൂ.
ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ സജ്ജമാണെന്ന് ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ വക്താവ് വ്യക്തമാക്കി. യാത്രക്കാരുടെയും എയർപോർട്ട് ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയുമാണ് തങ്ങളുടെ മുന്‍ഗണനയെന്നും , മുൻകരുതൽ നടപടികളുടെ ഉയർന്ന നിലവാരം നിലനിർത്താൻ പ്രതിജ്ഞാബദ്ധരാണെന്നും വക്താവ് പ്രതികരിച്ചു.
വിമാനത്താവളം സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമാക്കുന്നതിനാൽ, നിർബന്ധിത പരിശോധനയുമായി സഹകരിക്കണമെന്ന് അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.