കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരായ സ്ത്രീകളെ കാര്‍ ഇടിച്ചുവീഴ്ത്തി. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കാർ ഓടിച്ചവർ രക്ഷപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ ഒളിവിലാണ്. കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകീട്ട് 5.46-നാണ് സംഭവം.
ബന്ധുക്കളായ കുഞ്ഞുമോളും ഫൗസിയയും സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞുമോള്‍ കാറിനടിയിലേക്ക് വീണു. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു.