108 സൂഷിയും 2.5 കിലോ ഇറച്ചിയും അടക്കമുള്ള 7 മീൽ ദിവസേന കഴിച്ചു, ബോഡിബിൽഡറിന് 36ാം വയസിൽ അന്ത്യം
മിൻസ്ക്: ദിവസേന 108 സൂഷിയും 2.5 കിലോ സ്റ്റീക്കും ഉൾപ്പെടെ 7 തവണ ഭക്ഷണം കഴിച്ചിരുന്ന ബോഡിബിൽഡറിന് 36ാം വയസിൽ ദാരുണാന്ത്യം. ബെലാറസിലെ പ്രമുഖ ബോഡിബിൽഡർ ഇല്ല്യ ഗോലേം യെംഫിചിക്കിനാണ് ഹൃദയാഘാതം നിമിത്തം ദാരുണാന്ത്യം നേരിട്ടത്. അപാരമായ കരുത്തിന്റെയും ശരീരത്തിന്റെ വലിപ്പത്തിന്റെ പേരിലും സമൂഹമാധ്യമങ്ങളിൽ നിരവധിയാളുകൾ പിന്തുടരുന്ന ബെലാറൂസ് ബോഡിബിൽഡറാണ് 36ാം വയസിൽ മരണത്തിന് കീഴടങ്ങിയത്.
ദിവസേന ഏഴ് തവണകളായി 16500 കലോറി ഭക്ഷണം ആയിരുന്നു ഇല്ല്യ ഗോലേം യെംഫിചിക്ക് കഴിച്ചിരുന്നത്. 108 സൂഷി, 2.5 കിലോ സ്റ്റീക്ക് അടക്കമായിരുന്നു ഇവ. ആറടിയും 1 ഇഞ്ചും ഉയരമുള്ള ഇല്ല്യ ഗോലേം യെംഫിചിക്കിന് 61 ഇഞ്ച് ചെസ്റ്റും 25 ഇഞ്ച് ബൈസെപ്സുമാണ് ഇവയിലൂടെ നേടിയത്. ദി മ്യൂട്ടന്റ് എന്ന പേരിലും 340എൽബിഎസ് ബീസ്റ്റ് എന്ന പേരിലുമാണ് ഇല്ല്യ ഗോലേം യെംഫിചിക്ക് അറിയപ്പെട്ടിരുന്നത്. 600 പൌണ്ട് ഭാരമുള്ള ബെഞ്ച് പ്രസും 700 പൌണ്ട് ഡെഡ്ലിഫ്റ്റുകളിലൂടെയും വലിയ രീതിയിലുള്ള ആരാധകരായിരുന്നു ഇല്ല്യ ഗോലേം യെംഫിചിക്ക് സ്വന്തമാക്കിയിരുന്നത്. ആളുകൾക്ക് തങ്ങളുടെ കായിക ക്ഷമതയുടെ പരമാവധിയിലേക്ക് എത്താനായി സ്ഥിരമായി പ്രോത്സാഹനം നൽകിയിരുന്ന വ്യക്തിയാണ് 36ാം വയസിൽ വിടവാങ്ങുന്നത്. ഒരു പുഷ് അപ് പോലും കൃത്യമായി ചെയ്യാൻ കഴിയാതിരുന്ന 70 കിലോ ഭാരമുള്ള കൌമാരക്കാരനെന്ന നിലയിൽ നിന്നുമായിരുന്നു നിരന്തരമായ പരിശീലനത്തിനും നിയന്ത്രണത്തിലുമാണ് ദി മ്യൂട്ടന്റ് എന്ന രീതിയിലേക്ക് ഇല്ല്യ ഗോലേം യെംഫിചിക്ക് എത്തിയത്.
ബോഡിബിൽഡിംഗ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ലെങ്കിലും ട്രെയിനിംഗ് വീഡിയോകളിലൂടെയാണ് ഇല്ല്യ ഗോലേം യെംഫിചിക്ക് നിരവധി പേരുടെ ആരാധനാപാത്രമായത്. സെപ്തംബർ ആറിനാണ് ഇല്ല്യ ഗോലേം യെംഫിചിക്കിന് ഹൃദയാഘാതം നേരിട്ടത്. വീട്ടിൽവച്ച് ഭാര്യ അന്നാ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയായിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പുരോഗതിയുണ്ടാക്കാനായെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചതാണ് ഇല്ല്യ ഗോലേം യെംഫിചിക്കിന് ചെറുപ്രായത്തിലേ വിടവാങ്ങേണ്ടി വന്നത്. സമാന രീതിയിലെ ബോഡിബിൽഡിംഗ് പരീക്ഷണങ്ങൾ നടത്തിയിരുന്ന യുവ ബോഡിബിൽഡർമാരിൽ വലിയ ആശങ്ക ഉയരാൻ ഇല്ല്യ ഗോലേം യെംഫിചിക്കിന്റെ മരണം കാരണമായിട്ടുണ്ട്.