ആലപ്പുഴ: കൊച്ചി സ്വദേശിനി സുഭദ്രയുടെ കൊലപാതകത്തിലേക്ക് പ്രതികളെ നയിച്ചതു മദ്യാസക്തിയാണെന്നു പൊലീസ്. ശര്‍മിളയും മാത്യൂസും മദ്യത്തിന് അടിമകളായിരുന്നു. സ്ഥിരമായി മദ്യപിച്ചു പണം നഷ്ടപ്പെടുത്തി. എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ വച്ചാണു സുഭദ്രയെ ശര്‍മിള പരിചയപ്പെട്ടത്.
താന്‍ അനാഥയാണെന്നു ശര്‍മിള പറഞ്ഞതോടെ സുഭദ്ര പലപ്പോഴും കാണാനെത്തി. മകളെപ്പോലെ സ്‌നേഹിച്ചു. മക്കളുമായി അടുപ്പം കുറവായിരുന്നെങ്കിലും സുഭദ്ര മിക്ക ദിവസവും അവരെ ഫോണില്‍ വിളിക്കുമായിരുന്നുവെന്നും പൊലീസ് വ്യക്താക്കി.
സുഭദ്രയെക്കുറിച്ച് വിവരമില്ലാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. 4 ആഴ്ചയോളം കടവന്ത്ര പൊലീസ് അന്വേഷിച്ച കേസ് ഏറ്റെടുത്ത് 6 ദിവസത്തിനിടെ മണ്ണഞ്ചേരി പൊലീസ് കലവൂര്‍ കോര്‍ത്തുശേരിയിലെ വീട്ടുവളപ്പില്‍നിന്നു മൃതദേഹം കണ്ടെത്തി. മണ്ണ് ഇളകി കിടന്നതിനെ തുടര്‍ന്ന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ശര്‍മിളയോടൊപ്പം സുഭദ്ര പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. സുഭദ്ര കലവൂരിലെത്തിയിരുന്നതായും മനസ്സിലായി. തുടര്‍ന്ന് മൊബൈല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികളായ ശര്‍മിള (52), ഭര്‍ത്താവ് മാത്യൂസ് എന്നിവരെ പിടികൂടാന്‍ സഹായിച്ചത് മണിപ്പാലിലെ സുഹൃത്തിന്റെ ഇടപെടലെന്ന് പൊലീസ് അറിയിച്ചു.
ശര്‍മിളയുടെ അടുത്ത സുഹൃത്തുക്കളുടെ വിവരം ഫോണ്‍ രേഖകളിലൂടെ പൊലീസ് മനസ്സിലാക്കിയിരുന്നു. ഇരുവരും സഹായം തേടി എത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ശര്‍മിള ഫോണില്‍ ബന്ധപ്പെട്ട ഓരോരുത്തരെയായി പൊലീസ് നേരില്‍ കണ്ടു. ശര്‍മിള വിളിച്ചാല്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ചു.
കൊലപാതകത്തിനു പിന്നാലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞശേഷം മണിപ്പാലിലെ അധ്യാപികയായ സുഹൃത്തിന്റെ വീട്ടിലാണ് ശര്‍മിളയും മാത്യൂസും എത്തിയത്. അധ്യാപിക വീട്ടിലില്ലാതിരുന്നതിനാല്‍ പ്രതികള്‍ അവിടെ നിന്നു പോയെന്ന് ഇവരുടെ മകന്‍ പൊലീസിനെ അറിയിച്ചു.
അമ്മ ഉടന്‍ തിരികെ എത്തുമെന്നു പറഞ്ഞ് ഇവരുടെ മകനെക്കൊണ്ടു പൊലീസ് പ്രതികളെ തിരികെ വിളിപ്പിച്ചു. ഇതു വിശ്വസിച്ചെത്തിയ പ്രതികളെ പൊലീസ് അവിടെനിന്നു പിടികൂടി.
മാത്യൂസിന്റെ ബന്ധു മാരാരിക്കുളം തെക്ക് പനേഴത്ത് റെയ്‌നോള്‍ഡും കേസിലെ പ്രതിയാണ്. ശര്‍മിളയാണ് ഒന്നാം പ്രതി. മാത്യൂസ് രണ്ടും റെയ്‌നോള്‍ഡ് മൂന്നും പ്രതികളാണ്.