മലപ്പുറം: താനൂർ കസ്റ്റഡി മരണ കേസിൽ സിബിഐക്ക് വീണ്ടും പരാതി നൽകി താമിർ ജിഫ്രിയുടെ കുടുംബം.
കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. സിബിഐ വിവരങ്ങൾ അറിയിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. കേസ് നാലു പേരിൽ ഒതുക്കരുതെന്ന് കുടുംബം പറഞ്ഞു.
കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് താമിർ ജിഫ്രിയുടെ കുടുംബം വ്യക്തമാക്കി.
മുൻ എസ്പി സുജിത് ദാസിന്റെ ഫോൺ റെക്കോർഡിങ്ങും പിവി അൻവറിന്റെ ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് കുടുംബം വീണ്ടും പരാതി നൽകിയത്. താനൂർ കസ്റ്റഡി മരണത്തിന് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് കുടുംബം വീണ്ടും സിബിഐയെ സമീപിച്ചിരിക്കുന്നത്.
2023 ഓഗസ്റ്റ് ഒന്നിനാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി മരിക്കുന്നത്.
താമിർ ജിഫ്രിയുടെ ശരീരത്തിൽ മർദനമേറ്റ 21 മുറിപ്പാടുകൾ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതിൽ 19 മുറിവുകൾ മരണത്തിന് മുൻപും രണ്ട് മുറിവുകൾ മരണത്തിന് ശേഷവും സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.