ചൊവാഴ്ച്ച രാത്രി നടന്ന എ ബി സി പ്രസിഡൻഷ്യൽ ഡിബേറ്റിനു വൈസ് പ്രസിഡന്റ് കമലാഹാരിസിന്റെ ലീഡ് ഉയർന്നതായി രണ്ടു പ്രധാനപ്പെട്ട സർവേകൾ കണ്ടെത്തി. റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോളിംഗിലും മോർണിംഗ് കൺസൾട്ട് പോളിംഗിലും ട്രംപിനെതിരെ ഹാരിസ് 5% ലീഡ് നേടിയെന്നാണ് വിലയിരുത്തൽ.
രണ്ടു ദിവസം നീണ്ട റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോളിൽ റജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ ഹാരിസിനു 47%–42% ലീഡാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 27-28 സർവേയിൽ ലീഡ് 4% ആയിരുന്നു.മോർണിംഗ് കൺസൾട്ട് സർവേയിൽ ഹാരിസ് 50%, ട്രംപ് 45%. അവർ ഡിബേറ്റിനു മുൻപ് നടത്തിയ സർവേയിൽ 4 പോയിന്റ് ആയിരുന്നു വി പിയുടെ ലീഡ്.
റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോളിൽ, ഡിബേറ്റ് ശ്രദ്ധിച്ചെന്നു പറഞ്ഞ വോട്ടർമാരിൽ 53% ഹാരിസിനെ പിന്തുണച്ചപ്പോൾ ട്രംപിന്റെ പിന്തുണ വെറും 24% ആണ്. ട്രംപിന് അടിതെറ്റിയെന്നു 52% പറയുന്നു. ഹാരിസിനെ കുറിച്ച് അങ്ങിനെ പറഞ്ഞത് 21% മാത്രം.
കൂടുതൽ ഉയർന്ന ധാര്മികതയുള്ള സ്ഥാനാർഥി ഹാരിസ് തന്നെയെന്നു 52% വിധിയെഴുതി. ട്രംപിനെ കുറിച്ച് അങ്ങിനെ ചിന്തിക്കുന്നവർ 29% മാത്രം.റിപ്പബ്ലിക്കൻ വോട്ടർമാരിൽ 53% പേരാണ് ട്രംപ് ജയിച്ചെന്നു കണ്ടവർ. ഹാരിസ് തന്നെ വിജയി എന്നു പറയുന്ന ഡെമോക്രറ്റുകൾ ആവട്ടെ 91% ഉണ്ട്.
സ്വതന്ത്ര വോട്ടർമാരിൽ ഹാരിസ് 46–40 എന്ന ലീഡ് നേടി.ഹാരിസിനു കുതിപ്പ് കാണുന്നു എന്നാണ് മോർണിംഗ് കൺസൾട്ട് പറയുന്നത്. എന്നാൽ മത്സരം കടുത്തു തന്നെ നിൽപ്പാണ്.