ഞെട്ടിക്കുന്ന വീഡിയോ; ബലാത്സംഗം ചെയ്യും, ആസിഡ് ഒഴിക്കും, സ്വകാര്യഭാഗങ്ങൾ തകർക്കും;പട്ടാപ്പകൽ യുവതിക്ക് ഭീഷണി
സ്ത്രീകൾക്ക് സുരക്ഷിതമായ നഗരം ഏതാണ് എന്ന് ചോദിച്ചാൽ അങ്ങനെ ഒരു നഗരമേ ഇല്ല എന്ന് പറയേണ്ടി വരും. പലതരത്തിലാണ് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ. കഴിഞ്ഞ ദിവസം ഒരു യുവതി ബെംഗളൂരു നഗരമധ്യത്തിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു.
യുവതി കാറുമായി പോവുകയായിരുന്നു. ആ സമയത്ത് ഒരു ഓട്ടോ തെറ്റായ രീതിയിൽ കടന്നു വരികയും മറ്റ് വാഹനങ്ങളെ ഇടിക്കും എന്ന അവസ്ഥയിൽ എത്തുകയും ചെയ്തു. ആ സമയത്ത് സ്ത്രീ ആകെ ചെയ്തത് ഹോണടിക്കുക എന്നത് മാത്രമായിരുന്നു. ഹോണടിച്ചതിൽ ഓട്ടോ ഡ്രൈവർ ഒന്നും പറഞ്ഞില്ലെങ്കിലും ഓട്ടോയിൽ പിറകിലിരുന്ന കണ്ടാൽ ഇരുപതോ ഇരുപത്തിരണ്ടോ ഒക്കെ വയസ് തോന്നിക്കുന്ന ഒരു യുവാവ് ഇറങ്ങി വരികയും യുവതിയെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
യുവതിയെയും യുവതിയുടെ അമ്മയേയും ലൈംഗികത്തൊഴിലാളികൾ എന്ന് പറഞ്ഞാണ് യുവാവ് ആക്ഷേപിച്ചത്. ഇരുവരേയും താൻ ബലാത്സംഗം ചെയ്യുമെന്നും അതെങ്ങനെ ആയിരിക്കുമെന്നും എല്ലാം യുവാവ് പറയുന്നുണ്ട്. അതുകൊണ്ടും തീർന്നില്ല. ഒരുപാട് ചീത്ത വിളിച്ച ശേഷം ഇതെങ്ങാനും ഓൺലൈനിൽ പങ്കുവച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും യുവതിയുടെ സ്വകാര്യഭാഗങ്ങൾ തകർക്കുമെന്നും ഒക്കെ യുവാവ് പറയുന്നുണ്ട്.
@BlrCityPolice @blrcitytraffic while you think your city’s safe, here’s what’s happening in broad daylight. The auto this guy was in turned right without any indication, and around 3 people almost crashed into him. I honked once. For 10 seconds. pic.twitter.com/slH2Q1Eqx1
— Satan (@satanicthots) September 12, 2024
തന്റെ ക്യാമറയിൽ ഇത് പകർത്തിയ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. നിങ്ങൾ നിങ്ങളുടെ നഗരം സുരക്ഷിതമാണ് എന്ന് കരുതുന്നുണ്ടെങ്കിൽ, ഇത് പട്ടാപ്പകൽ നടന്ന കാര്യമാണ് എന്ന് കുറിച്ചുകൊണ്ടാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. സിറ്റി പൊലീസും വീഡിയോയ്ക്ക് താഴെ പ്രതികരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വേറെയും നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് പ്രതികരണം അറിയിച്ചെത്തിയത്. യുവാവിന്റെ പെരുമാറ്റം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെ പലരും അഭിനന്ദിച്ചു.