ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി ജാമ്യത്തിലായിരിക്കുമ്പോള്‍ ഫയലുകളില്‍ ഒപ്പിടാന്‍ കഴിയില്ലെന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകനും അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകനുമായ അഭിഷേക് മനു സിങ്വി.
ഡല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സിംഗ്വിയുടെ പ്രതികരണം.
അരവിന്ദ് കെജ്രിവാളിന് ഒരു ഫയലിലും ഒപ്പിടാന്‍ കഴിയില്ലെന്ന തരത്തില്‍ തെറ്റായ വിവരമാണ് പ്രചരിക്കുന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പോകേണ്ട എല്ലാ ഫയലുകളിലും കെജ്രിവാളിന് ഒപ്പിടാമെന്ന് ജൂലൈ 12 ലെ സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന് ഫയലുകളില്‍ ഒപ്പിടാന്‍ കഴിയില്ലെന്ന് പറയുന്നത് രാഷ്ട്രീയമാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്യരുതെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.