തിരുവനന്തപുരം: കെ ഫോണില്‍ ഹൈക്കോടതി വിധി പരിശോധിച്ച ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ ഫോണ്‍ അഴിമതിയുടെ ആഴവും പരപ്പും വരും നാളുകളില്‍ ജനങ്ങള്‍ക്ക് വെളിവാകും. സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് മനസിലാകുന്നത്.
2017-ലാണ് സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. അന്ന് 18 മാസം കൊണ്ട് 20 ലക്ഷം പേര്‍ക്ക് കണക്ഷന്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശ വാദം. എന്നാല്‍ എഴ് വര്‍ഷം കഴിഞ്ഞിട്ടും 5000 പേര്‍ക്ക് പോലും കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.
1028 കോടിയുടെ പദ്ധതിക്ക് 58 ശതമാനം മാര്‍ജിനല്‍ ഇന്‍ക്രീസ് നല്‍കി 1531 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയതിലൂടെ പൊതു ഖജനാവിനുണ്ടായ ഭീമമായ നഷ്ടവും എംഎസ്പി, ഐഎസ്പി കരാറുകള്‍ എഐ ക്യാമറ അഴിമതിയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി നല്‍കിയതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ തലത്തിലെ കൊടിയ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.