പതിവുപോലെ കേരളം ഇക്കൊല്ലവും ഓണാഘോഷത്തിരക്കിലാണ്. അന്യദേശങ്ങളിൽ പാർക്കുന്നവർ ഓണമായാൽ നാടണയും. വർഷത്തിലൊരിയ്ക്കൽ തന്റെ പ്രജകളെ കാണാനായി മഹാബലി ചക്രവർത്തി കേരളത്തിൽ എത്തുന്നത് പോലെ.
ഓണത്തിന് ഒരു മൂലം (കാരണം) വേണമല്ലോ എന്ന് കാരണവൻമാർ കളിയായും കാര്യമായും പറയാറുണ്ടായിരുന്നു. മലയാള മാസങ്ങളിൽ എല്ലാ മാസത്തിലും തിരുവോണം നക്ഷത്രം വരാറുണ്ടങ്കിലും ചിങ്ങമാസത്തിലെ തിരുവോണനാളിനാണ് ഓണം ആഘോഷിയ്ക്കാനുള്ള ഭാഗ്യം ലഭിച്ചത്.
കർക്കിടകത്തിൽ പെയ്യുന്ന തോരാമഴയും, വെള്ളപ്പൊക്കവും, ചന്നംപിന്നം പെയ്യുന്ന മഴയും, അസ്ഥിതുളച്ച് കയറുന്ന തണുപ്പും കഴിഞ്ഞ് പ്രസന്നമായ ആകാശത്തിൽ ഇന്ദുക്കലാധരൻ ഉദിച്ചുയരും. ഓണനിലാവു തന്നെ ! തെളിഞ്ഞ ആകാശത്ത് മിഴിവോടെ, അഴകോടെ, ഒഴുകിനടക്കുന്ന ചന്ദ്രലേഖയെ കാണാതിരിയ്ക്കാൻ ആകുമോ ! ഇടയ്ക്കിടെ കാർമേഘം മറച്ചെന്നാലും പെട്ടെന്ന് തന്നെ മഴക്കാറിനിടയിലൂടെ ഊളിയിട്ട് പുറത്ത് വന്ന് ചിരിയ്ക്കാറുമുണ്ട് ഈ പൊന്നമ്പിളി.
ഗുരുവായൂരിലെ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം
ഓണത്തിരക്കുകൾ മൂലം മുതൽ ആരംഭിക്കും. പത്തായത്തിൽ ഭരണികളിൽ ഇരിയ്ക്കുന്ന ഉപ്പിലിട്ടതും, കായവറത്തതും, ശർക്കരപുരട്ടിയും, വാഴപ്പഴങ്ങളും കുറേശ്ശെയായി പുറത്തേയ്ക്ക് ചുവട് വച്ചിറങ്ങുന്നത് മൂലം മുതലാണ്. അയൽവക്കങ്ങളിലേയ്ക്ക്, ഒന്നോടിവന്ന് ഓടിപ്പോകുന്ന ബന്ധുമിത്രാദികളിലേയ്ക്ക് ഈ പത്തായ നേദ്യങ്ങൾ പകരുന്ന രുചിഭേദങ്ങൾ അടുത്ത ഓണം വരെ അവരുടെ നാവിലങ്ങനെ തങ്ങി നിൽക്കും.
നിറങ്ങൾ അഴകോടെ ഉമ്മറത്ത് നീരാടുന്ന ഓണക്കാലം. പൂവിളിയിൽ, ആർപ്പിൽ, ബാല്യ, കൗമാരങ്ങൾ തുമ്പിതുള്ളുന്ന ഓണക്കാലം. ഇന്നും അതോർത്ത് എത്രയോ പേർ നെടുവീർപ്പിടുമെന്നോ.! അതാണല്ലോ ഓണക്കാലത്ത് നാടണയാനും കൂടണയാനും തിടുക്കം കൂട്ടുന്നത്.
വിഭവസമൃദ്ധമായ ഓണസദ്യയാണ് ഓണത്തിന്റെ ഹരം. കായ വറുത്തത് , ശർക്കരപുരട്ടി, പരിപ്പ്, പപ്പടം, നെയ്യ്, അവിയൽ, സാമ്പാർ, കാളൻ, ഓലൻ, കിച്ചടി, പച്ചട, പുളിയിഞ്ചി, മാങ്ങ, കണ്ണിമാങ്ങ, വടുകപ്പുളി നാരങ്ങ, മെഴുക്കുപുരട്ടി, തോരൻ, പ്രഥമൻ, പരിപ്പ് പായസം, നേന്ത്രപ്പഴപായസം തുടങ്ങിയ വിഭവങ്ങളും നല്ല ഒന്നാന്തരം കുത്തരിച്ചോറും തൂശനിലയിൽ പൂക്കളം തീർക്കും. ഈ രുചിഭേദങ്ങൾ ലോകത്ത് മറ്റൊരിടത്ത് നിന്നും ആസ്വദിക്കാൻ കഴിയില്ല.
ഇന്ന്, പത്തായവുമില്ല, ഉപ്പിലിടാൻ ഭരണിയുമില്ല. കറികളൊരുക്കുന്ന നേരമ്പോക്കുമില്ല, നേരവുമില്ല ആർക്കും. മടിയനായ മലയാളിയുടെ മടി മുതലെടുക്കാൻ കാറ്ററിംഗ് മുതലാളിമാർ നോട്ടീസടിച്ച് വിതരണം ചെയ്യുന്നു. അഞ്ച് പേർക്ക് പാക്കേജ്. ഇത്ര രൂപ. അവർ വിതരണം ചെയ്യുന്ന വിഭവങ്ങളുടെ നീണ്ട വിവരണവും ഉണ്ടാകും.
ഓഫീസുകളിൽ, സ്ഥാപനങ്ങളിൽ, വിദ്യാലയങ്ങളിൽ ഒക്കെയാണ് ഓണം കൊഴുക്കുന്നത്. ഓഫീസ് വരാന്തകളിൽ, സ്കൂൾ ഓഡിറ്റോറിയങ്ങളിൽ പൂക്കളങ്ങൾ നിറയും. ജീവനക്കാരൊക്കെ പുതു വസ്ത്രങ്ങളിൽ തിളങ്ങും. സ്ത്രീകൾക്ക് സെറ്റ് മുണ്ടില്ലാത്ത എന്തോണം ! കൗമാരക്കാരായ പെൺകുട്ടികൾ ദാവണികൾ ഉപേക്ഷിച്ച്, സെറ്റ് സാരിയും, സെറ്റ് മുണ്ടും ഉടുത്ത് വരുന്നത് രസകരമായ കാഴ്ചയാണ്. ആകെ വലിച്ച് കുത്തി, അഴിഞ്ഞ്, കണങ്കാലിനു മുകളിൽ നിൽക്കുന്ന സെറ്റ് മുണ്ടിൽ എട്ടും പൊട്ടും തിരിയാത്ത കൗമാര യൗവ്വനങ്ങൾ നിറയുന്ന വഴിത്താരകൾ ആരിലും കൗതുകം ഉണ്ടാക്കും.
ഓണത്തിന് ഇപ്പോൾ തീ പുകയുന്നത് കാറ്ററിംഗ് മുതലാളിമാരുടെ അടുക്കളകളിൽ ആയി. റെഡിമെയ്ഡ് സദ്യ ഉണ്ട് തൃപ്തി വന്നില്ലങ്കിലും, പൊങ്ങച്ചത്തിന്റെ ഏമ്പക്കം അയൽവീടുകളിലും പ്രതിദ്ധ്വനിപ്പിയ്ക്കും.
പൂവിളികൾ ഉയരുന്നത് മലയാളികളുടെയല്ല. തമിൾ പയ്യൻ മാരുടേതാണ്. ബന്തിപ്പൂക്കൾ, വാടാമുല്ല, പിച്ചി, മുല്ല, വിവിധ നിറങ്ങളിലുള്ള പനിനീർപ്പൂക്കൾ എല്ലാം വഴിയോരങ്ങളിൽ കൂമ്പാരം കൂട്ടി തമിഴ് ചുവയിൽ വിളിച്ച് കൂവുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള പൂവിളി !
ഇത്തവണ, ഒരു പടി കൂടി കടന്നിട്ടുണ്ട്. റെഡിമെയ്ഡ് പൂക്കളം.! അത്തം മുതൽ തിരുവോണം വരെ ഇടാനുള്ള ആർട്ടിഫിഷ്യൽ പൂക്കളം പടികൾ കയറി മുറ്റത്തേക്ക് വന്നുതുടങ്ങി. എല്ലാത്തിനെയും ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന മലയാളി ആർട്ടിഫിഷ്യൽ പൂക്കളത്തിൽ ഓണത്തപ്പനെ എതിരേൽക്കും എന്നതിന് സംശയമുണ്ടോ ? ഇത് മലയാളീഡാ..!
പറയാൻ മറന്നത്. അടുത്ത ഓണം മുതൽ ആർട്ടിഫിഷ്യൽ സദ്യയും വിളമ്പുമോ ആവോ.!
-സുബാഷ് ടി.ആർ