ന്യൂഡൽഹി: ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 10 മണിക്കൂറായി വൈകുന്നു. കഴിഞ്ഞ ദിവസം രാത്രി 8.55ന് ഡൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനമാണ് അനിശ്ചിതമായി വൈകുന്നത്.ഓണത്തിന് നാട്ടിലേക്ക് എത്തേണ്ട യാത്രക്കാരടക്കം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയണ്.
ഇന്ന് രാവിലെ ആറരക്ക് വിമാനം പുറപ്പെടുമെന്ന് യാത്രക്കാർക്ക് അറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഇതുവരെയായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. രാത്രി 8.55ന് പുറപ്പെടേണ്ട വിമാനം പുലർച്ചെ ഒരു മണിയോടെ യാത്ര തിരിക്കുമെന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് ഇത് മാറ്റി ആറരക്ക് ആക്കുകയായിരുന്നു. എന്നാൽ, ഇന്ന് രാവിലെയും വിമാനം പുറപ്പെടുന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
വിമാനം വൈകുന്നത് സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകാൻ വിമാനകമ്പനി തയാറായില്ലെന്നും പരാതിയുണ്ട്. യാത്രക്കാർക്ക് ഭക്ഷണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയില്ലെന്നും ആക്ഷേപമുണ്ട്. ഗ്രൗണ്ട് സ്റ്റാഫല്ലാതെ ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ മറ്റാരും തന്നെ വിമാനത്താവളത്തിൽ ഉണ്ടായിരുന്നില്ലെന്നും വിമാന കമ്പനി വിശദീകരിക്കുന്നു.
അതേസമയം, ഓണം ആഘോഷിക്കാൻ നാട്ടിലെത്താനായി നിരവധി മലയാളികളാണ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇവർക്കൊന്നും ഓണത്തിന് നാട്ടിലെത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.