പത്തനംതിട്ട: 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 65 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. സീതത്തോട് സ്വദേശിയായ സോനു സുരേഷി(22)നാണ് ശിക്ഷ വിധിച്ചത്.
പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവും അനുഭവിക്കണം.
2022 ലായിരുന്നു കേസിനാസ്പദമായ സംഭവങ്ങള്‍ ആരംഭിച്ചത്. പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച ഇയാള്‍ പെൺകുട്ടിയുടെ വീട്ടിൽ അർധരാത്രിയിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
ലൈംഗിക പീഡന കേസിലെ ശിക്ഷാ വിധിക്ക് പുറമേ വീടുകയറി ആക്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും പിഴ ഒടുക്കാതിരുന്നാൽ 1 വർഷം അധിക കഠിനതടവും ശിക്ഷ വിധിച്ചിട്ടുണ്ട്.