‘മിന്നൽ മുരളി’യെ തൊട്ടുപോകരുത് ! ധ്യാൻ ചിത്രത്തിന് ചെക്ക് വച്ച് നിർമാതാക്കൾ, വിലക്കുമായി കോടതിയും

കൊച്ചി: ‘മിന്നൽ മുരളി’ സിനിമയുടെ കഥയും കഥാപാത്രങ്ങളും ഉപയോ​ഗിച്ചുളള മറ്റെല്ലാ കലാസൃഷ്ടികളും വിലക്കി എറണാകുളം ജില്ലാ കോടതി. സിനിമയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ഡിറ്റക്ടീവ് ഉജ്വലൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിനാണ് പകർപ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ‘മിന്നൽ മുരളിയുടെ പകർപ്പാവകാശം ലംഘിക്കപ്പെടാൻ പാടില്ല എന്നും കോടതി പറഞ്ഞു.  

സോഫിയ പോൾ, നെറ്റ്ഫ്ലിക്സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, ഡിറ്റക്ടീവ് ഉജ്വലന്റെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദ്ദേശം. മിന്നൽ മുരളിയിലെ കഥാപാത്രങ്ങളായ ബ്രൂസ് ലീ ബിജി, ജോസ്മോൻ, പിസി സിബി പോത്തൻ, എസ് ഐ സാജൻ തുടങ്ങിയ കഥാപാത്രങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ വാണിജ്യപരമായോ അല്ലാതെയോ പ്രചരിപ്പിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുളള വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സാണ് 2021ൽ മിന്നൽ മുരളി നിർമ്മിച്ചത്.

By admin