ന്യൂയോർക്: ഗ്ലോബൽ ഇന്ത്യൻ വോയ്സ് പത്രത്തിന്റെ ചീഫ് എഡിറ്ററും, സാമൂഹിക ചിന്തകനും, പത്രപ്രവർത്തകനും, ന്യൂയോർക്കിലെ വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ സജീവ പ്രവർത്തകനുമായ ജോർജ് കൊട്ടാരത്തിൽ (കെ ജെ ജോർജ് – 68 ) നിര്യാതനായി.
ജോർജ് കൊട്ടാരത്തിന്റെ വേർപാട് ന്യൂയോർക്ക് മലയാളികൾക്കിടയിൽ ഒരു തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഭൗതിക ശരീര പൊതുദർശനം സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 6 മണി മുതൽ 10 മണിവരെ ന്യൂയോർക്കിലെ പാർക്ക് ഫ്യൂനറൽ ചാപ്പലിൽ നടക്കും.
സംസ്കാര ശുശ്രുഷകൾ സെപ്റ്റംബർ 16 തിങ്കൾ രാവിലെ 9:30ന് ന്യൂയോർക്കിലെ റൗണ്ട് സ്വാമ്പ് റോഡിലെ സെന്റ് മേരിസ് സിറോ മലബാർ കത്തോലിക്ക പള്ളിയിലും നടക്കും. ശുശ്രൂഷകൾക്ക് ശേഷം സെന്റ് ചാൾസ് സെമിത്തേരിയിലാണ് സംസ്കാരം.
ഭാര്യ: കൊച്ചു റാണി. മക്കൾ: ജിത്തു, ജിന്റു. മരുമക്കൾ: ലിബു, അനിൽ. കൊച്ചുമകൻ: ഇഷാൻ.
എറണാകുളം ജില്ലയിലെ, നാഗപ്പുഴ കൊട്ടാരത്തിൽ കുടുംബത്തിലേ പരേതരായ ജോസഫ് – റോസാ ദമ്പതികളുടെ മകനായി 1956 മെയ് 22 ന് ആണ് ജോർജ് ജനിച്ചത്. ജോസഫ്, അഗസ്റ്റിൻ, തോമസ്, എന്നിവരും പരേതരായ മേരി, മാത്യു, ജെയിംസ് എന്നിവരും സഹോദരങ്ങളാണ്.
ന്യൂമാൻ കോളജിൽ പഠിക്കുന്ന കാലയളവിൽ അഭിവാജ്യ കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ എസ് സി യുടെ ന്യൂമാൻ കോളേജ് യൂണിറ്റ് പ്രസിഡണ്ട്, പിന്നീട് തൊടുപുഴ താലൂക്ക് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
1991ലാണ് അമേരിക്കയിലെത്തിയത്. അമേരിക്കൻ മലയാളികൾക്കിടയിലെ വിവിധ സാംസ്കാരിക സാമൂഹിക സേവന വേദികളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറിയ മഹത് വ്യക്തിയായിരുന്നു ജോർജ് കൊട്ടാരം.
ന്യൂയോർക്കിലെ ബെല്‍ റോസില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി താമസിച്ച്, ന്യൂയോർക്ക് സിറ്റി ഹൗസിംഗ് അതോറിറ്റിയിൽ സോഷ്യൽ വർക്കർ പദവിയിൽ ജോലി ചെയ്ത് 2020ൽ വിരമിച്ചു. ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തിന്റെയും, മലയാളികളുടെയും സാമൂഹിക, സാമുദായിക ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിcച്ചു. 2020 മുതൽ ഗ്ലോബൽ ഇന്ത്യൻ വോയ്സ് പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു.
കൊട്ടാരത്തിന്റെ വേർപാട് അമേരിക്കയിലെ ഇന്ത്യൻ, മലയാളി സമൂഹത്തിനും, കേരള നാടിനും തീരാനഷ്ടമായെന്ന് ഗ്ലോബൽ ഇന്ത്യൻ വോയസ് ഡയറക്ടർ ബോർഡ് അനുശോചന സൂം മീറ്റിങ്ങിൽ മാനേജിങ് എഡിറ്റർ ഷാജി എണ്ണശ്ശേരിൽ, ന്യൂസ് എഡിറ്റർ തോമസ് അഗസ്റ്റിൻ എന്നിവർ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്, ഫ്രാൻസിസ് ജോർജ് എംപി, എൻ കെ പ്രേമചന്ദ്രൻ എംപി എന്നിവരും അനുശോചനം അറിയിച്ചു.