ഒന്ന് അകത്ത് പോകണേൽ 40 രൂപ! ബിൽ ചോദിച്ചാൽ ഒതുക്കത്തിൽ കാശ് തിരികെ തരും; ഇങ്ങനെയൊക്കെ നാട്ടാരെ പറ്റിക്കാമോ..

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ പ്രവേശനഫീസ് ഈടാക്കുന്നത് അനധികൃമായിട്ടാണെന്ന പരാതി
വ്യാപകം. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് 11 മിനിറ്റ്‌ വരെ പ്രവേശന ഫീസ് ഈടാക്കാൻ പാടില്ലെന്നിരിക്കെയാണ് ഈ കൊള്ള. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളിൽ നിന്നും 40 രൂപയാണ് അനധികൃത പ്രവേശനഫീസ് പിരിക്കുന്നത്. 

ഇത് വാങ്ങാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇത് കാരണം അകത്തേക്ക് പ്രവേശിക്കാതെ കവാടത്തിന് മുന്നിൽ ആളെ ഇറക്കുകയാണ് പല വാഹനങ്ങളിലെയും ഡ്രൈവ‍ർമാർ ചെയ്യുന്നത്. എല്ലാ സ്വകാര്യ – ടാക്സി വാഹനങ്ങളിൽ നിന്നും പ്രവേശനഫീസ് എന്ന പേരിൽ കരാറുകാർ പണം പിരിക്കുകയാണ്.

പ്രവേശനഫീസ് കൊടുത്ത് അകത്ത് കയറുന്ന വാഹനങ്ങൾക്ക് രസീത് കൊടുക്കുന്നില്ല. രസീത് ചോദിക്കുന്നവർക്ക് സ്വകാര്യമായി പണം തിരികെ നൽകുന്നുമുണ്ട്. യാത്രക്കാരും വിവിധ സംഘടനകളും ഈ അനധികൃത പണപ്പിരിവിനെതിരെ രംഗത്ത് വരുന്നുണ്ടെങ്കിലും എയർപോർട്ട് അതോറിറ്റി ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

നേരത്തെ, കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് വിലക്കേർപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. പിഴ ചുമത്തുമെന്ന് കാണിച്ച് ബോർ‍ഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ അധികൃതർ പിൻവാങ്ങി. കഴിഞ്ഞ ദിവസമാണ് ഇങ്ങനെയൊരു ബോർഡ് കരിപ്പൂർ വിമാനത്താവളത്തിൽ സ്ഥാപിച്ചത്. വിലക്ക് ലംഘിച്ച് അകത്ത് പ്രവേശിച്ചാൽ 500 രൂപ പിഴ ഇടാക്കുമെന്നും ബോർഡിൽ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാന കവാടത്തിന് മുന്നിലായിരുന്നു ബോർഡ് സ്ഥാപിച്ചത്.

ഓട്ടോറിക്ഷകളോടുള്ള അവഗണനയ്ക്കെതിരെ ഡ്രൈവർമാരും ജനപ്രതിനിധികളും യാത്രക്കാരും ഒരുപോലെ രംഗത്തെത്തിയതോടെയാണ് ബോര്‍ഡ് മാറ്റി പ്രശ്നം തീര്‍ത്തത്. ഏഷ്യാനെറ്റ് ന്യൂസ് ബോർഡിന്‍റെ ദൃശ്യം പകർത്തി മിനുട്ടുകൾക്കുള്ളിൽ എയർപോർട്ട് അധികൃതർ എത്തി ബോർഡ് നീക്കം ചെയ്യുകയായിരുന്നു.

കുടുംബസമേതം തലേശരിയിൽ വാടകയ്ക്ക് താമസം, 24കാരിയുടെ കള്ളത്തരം പൊളിഞ്ഞു, കയ്യോടെ എക്സൈസ് പിടിച്ചത് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin