ആലപ്പുഴ: കലവൂർ സുഭദ്ര കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് (നിഥിന്‍-33), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള (30) എന്നിവരാണ് കർണാടകയിലെ മണിപ്പാലിൽ പോലീസിന്റെ പിടിയിലായത്. പ്രതികളുമായി പോലീസ് കേരളത്തിലേക്ക് തിരിച്ചെന്നാണ് വിവരം. പ്രതികൾക്കായി കർണാടകയും തമിഴ്നാടും കേന്ദ്രീകരിച്ച് അന്വേഷണസംഘം തിരച്ചിൽ ശക്തമാക്കിയിരുന്നു.എറണാകുളത്തുനിന്ന് കാണാതായ കടവന്ത്ര ഹാര്‍മണി ഹോംസ് ചക്കാലമഠത്തില്‍ സുഭദ്ര(73)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. മാത്യൂസ്-ശര്‍മിള ദമ്പതിമാരാണ് ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട സുഭദ്രയും ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു.
സുഭദ്രയെ കാണാനില്ലെന്നുകാട്ടി മകന്‍ രാധാകൃഷ്ണന്‍ ഓഗസ്റ്റ് നാലിന് കടവന്ത്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ സുഭദ്ര ഒടുവില്‍ വിളിച്ചത് മാത്യൂസിനെയാണെന്നു വ്യക്തമായി. അവസാന ഫോണ്‍ ലൊക്കേഷന്‍ കലവൂരിലാണെന്നതും സംശയത്തിനിടയാക്കി.ഇതു ചോദിച്ചറിയുന്നതിനായി മാത്യൂസിനോട് ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷനിലെത്താന്‍ പോലീസ് ഓഗസ്റ്റ് 10-ന് ആവശ്യപ്പെട്ടു. അതോടെ മാത്യൂസും ശര്‍മിളയും ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ സാധാരണയായി സാരി ധരിക്കാറുള്ള സുഭദ്ര, കാണാതായദിവസം ശര്‍മിളയ്‌ക്കൊപ്പം ചുരിദാര്‍ ധരിച്ച് നടന്നുപോകുന്നതിന്റെ സിസിടിവിദൃശ്യങ്ങളും ലഭിച്ചിരുന്നു.മൃതദേഹം കണ്ടെത്തുന്നതില്‍ മികവുള്ള കഡാവര്‍ നായയെ തിങ്കളാഴ്ച വൈകീട്ട് പോലീസ് കലവൂരിലെ വീട്ടില്‍ കൊണ്ടുവന്നു. നായ കുഴിക്ക് സമീപമെത്തി. മുന്‍പൊരുദിവസം ഇവിടെ കുഴിയെടുക്കുന്നതു കണ്ടതായി അയല്‍വാസി പറഞ്ഞതോടെയാണ് കുഴിച്ചുനോക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൃതദേഹം കണ്ടെത്തി. സുഭദ്രയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനാകാം കൊല നടത്തിയതെന്നാണ് സംശയിക്കുന്നത്.സ്വര്‍ണം വിറ്റത് മംഗളൂരുവിലും ആലപ്പുഴയിലുമുള്ള ജൂവലറികളിലാണ്. ആലപ്പുഴയിലെ ജൂവലറിയില്‍നിന്ന് 27,000 രൂപ മാത്യൂസിന്റെ ഗൂഗിള്‍ പേ നമ്പരിലേക്കു വന്നതായി പോലീസ് കണ്ടെത്തി. അനാഥയായ ശര്‍മിള എറണാകുളത്ത് ഒരു കോണ്‍വെന്റില്‍ താമസിച്ചിരുന്നു. അപ്പോഴാണ് അടുത്തുള്ള സുഭദ്രയുമായി ബന്ധമായതെന്നു പറയുന്നു. ഇവര്‍ക്കൊപ്പം തീര്‍ഥയാത്രകളും നടത്തിയിരുന്നു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *