കോഴിക്കോട്: പത്രാധിപർ വാഴാത്ത ദിനപത്രമെന്ന കുപ്രസിദ്ധി മാറാതെ മാതൃഭൂമി. യഥാർത്ഥ പത്രത്തിൻെറ ശക്തിയെന്ന പരസ്യവാചകമുളള മാതൃഭൂമിയുടെ പത്രാധിപർ സ്ഥാനത്തുനിന്നും മനോജ് കെ. ദാസ് തെറിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. 
മനോജ് കെ. ദാസിനെ പത്രാധിപർ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് മാതൃഭൂമി പ്രിന്റിങ്ങ് ആന്റ് പബ്ളിഷിങ്ങ് കമ്പനി ഡയറക്ടർ ബോർഡ് വൈകാതെ തീരുമാനമെടുക്കുമെന്നാണ് സൂചന. ഇക്കാര്യം ആലോചിക്കാനായി രണ്ട് ദിവസത്തിനുളളിൽ ഡയറക്ടർ ബോർഡ് യോഗം നടക്കുമെന്നാണ് പത്രാധിപ സമിതിയിൽ നിന്ന് ലഭിക്കുന്ന വിവരം.
ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം മാതൃഭൂമി പത്രത്തിൻെറ പത്രാധിപരായി തിരിച്ചെത്തിയ മനോജ് കെ. ദാസിന് രണ്ടാം വരവിൽ  കാര്യങ്ങൾ അത്ര അനുകൂലമായിരുന്നില്ല. 
എപ്പോൾ വേണമെങ്കിലും പത്രാധിപ സ്ഥാനത്ത് നിന്ന് തെറിക്കാമെന്ന നിലയിൽ മുന്നോട്ടുപോയിരുന്ന മനോജ് കെ. ദാസിനെ, മലപ്പുറത്തെ ലീഗിൻെറ വേദിയിൽ നടത്തിയ പ്രസംഗമാണ് ഒടുവിൽ കുടുക്കിയത്. 
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം നടത്തിയ ദേശിയ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ സംഘപരിവാറിന് എതിരെ നടത്തിയ ചില പരാമർശങ്ങളിൽ മാതൃഭൂമി മാനേജ്മെന്റിന് പരാതി ലഭിച്ചിരുന്നു.

ലോകസഭയിലെ നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം മാതൃഭൂമി ദിനപത്രത്തിൻെറ ഒന്നാം പേജ് വാർത്തയാക്കിയ മനോജ് കെ. ദാസ്, അതിന് ”നന്ദി, രാഹുൽ ഗാന്ധി” എന്ന തലക്കെട്ടാണ് നൽകിയത്. മോദിയെ കടന്നാക്രമിക്കുന്ന പ്രസംഗത്തിന് നന്ദി പറഞ്ഞുകൊണ്ടുളള തലക്കെട്ട് അന്ന് വിവാദമായി. 

പത്രം ബഹിഷ്കരിക്കാൻ ബി.ജെ.പിയും സംഘപരിവാ‍റും ആഹ്വാനം ചെയ്തതോടെ മാതൃഭൂമിക്ക് അരലക്ഷത്തോളം കോപ്പികൾ കുറഞ്ഞിരുന്നു. 
ഈ തലക്കെട്ടിനെ ന്യായീകരിച്ചുകൊണ്ട് ലീഗ് സെമിനാറിലെ പ്രസംഗത്തിൽ കത്തിക്കയറിയ മനോജ് കെ. ദാസ്, സംഘപരിവാറിനെ കുറ്റപ്പെടുത്തിക്കൊണ്ടുളള പരാമർശങ്ങൾ നടത്തി. 

ഇത് റെക്കോഡ് ചെയ്ത ബി.ജെ.പി നേതാക്കൾ മാതൃഭൂമി മാനേജ്മെന്റിന് പരാതി നൽകി. ഇതോടെയാണ് മനോജ് കെ.ദാസിനെ പത്രാധിപ സ്ഥാനത്ത് നീക്കാമെന്ന ആലോചന ശക്തിപ്പെട്ടത്. പത്രത്തിൻെറ പ്രചാരം അടിക്കടി കുറയുന്നതിനെ തുടർന്ന് മാതൃഭൂമി മാനേജ്മെന്റ് ഇപ്പോൾ തന്നെ പ്രതിസന്ധിയിലാണ്. 

ഏറ്റവും ഒടുവിലെ എ.ബി.സി ഓഡിറ്റിൽ കഷ്ടിച്ച് പത്ത് ലക്ഷമാണ് മാതൃഭൂമിയുടെ പ്രചാരം. രാഹുലിന് അനുകൂലമായ തലക്കെട്ടുളള വാ‍‍ർത്തയോടെ ഇത് കുത്തനെ ഇടിഞ്ഞ് 9 ലക്ഷത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് സർക്കുലേഷൻ വിഭാഗം ജീവനക്കാർ പറയുന്നത്. 
ഇതിനിടെ സർക്കുലേഷൻ മാനേജരെ മാറ്റി എച്ച്.ആർ.വിഭാഗത്തിൽ പ്രവർത്തിച്ചയാളെ സർക്കുലേഷനിൽ കൊണ്ടുവന്ന് പരീക്ഷണം നടത്തി നോക്കുന്നുണ്ടെങ്കിലും തന്ത്രങ്ങളൊന്നും പണ്ടേ പോലെ ഫലിക്കുന്നില്ലെന്നാണ് വിവരം.
രാഹുൽ അനുകൂല തലക്കെട്ടുളള വാർത്ത വിവാദമാകുന്നതിന് മുൻപ് തന്നെ മനോജ് കെ. ദാസിൻെറ മാതൃഭൂമിയിലെ നില ഏറെ മോശമായിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. 
സീനിയർ അസിസ്റ്റന്റ് എഡിറ്ററോട് അസഭ്യം പറഞ്ഞെന്ന പരാതിയാണ് ആദ്യം വീഴ്ത്തിയത്. പരാതി കടുക്കുമെന്ന് വന്നതോടെ മാപ്പ് പറഞ്ഞെ് തടി രക്ഷിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *