കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര പണയ സ്വര്‍ണ തട്ടിപ്പ് കേസില്‍ നഷ്ടപ്പെട്ട ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം കൂടി പോലീസ് കണ്ടെടുത്തു. വടകര സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ തമിഴ്നാട് തിരുപ്പൂര്‍ ഭാഗത്തെ കാത്തോലിക് സിറിയന്‍ ബാങ്കിന്റെ (സിഎസ്ബി) നാലു ശാഖകളില്‍ നിന്നാണ് പണയ സ്വര്‍ണം കണ്ടെടുത്തത്.
സി.എസ്.ബി. തിരുപ്പൂര്‍ മെയിന്‍ ബ്രാഞ്ച്, കാങ്കയം ബ്രാഞ്ച്, കാങ്കയം റോഡ് ബ്രാഞ്ച്, പി.എന്‍. റോഡ് ബ്രാഞ്ച് എന്നിവിടങ്ങളില്‍ നിന്നാണ് പണയ സ്വര്‍ണം വീണ്ടെടുത്തത്.
മഹാരാഷ്ട്ര ബാങ്ക് വടകര ശാഖ മാനേജരായിരുന്ന പ്രതി മധ ജയകുമാര്‍ ഇയാളുടെ സുഹൃത്തുക്കളായ ബിനാമികളുടെ പേരിലാണ് സി.എസ്.ബിയില്‍ തട്ടിപ്പ് സ്വര്‍ണം പണയപ്പെടുത്തിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയിരുന്നത്.
പ്രതി മധ ജയകുമാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രതിക്ക് സ്വര്‍ണം പണയം വയ്ക്കാന്‍ സഹായം നല്‍കിയ കാര്‍ത്തിക് എന്നയാളെ കണ്ടെത്താന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ബാക്കിയുള്ള സ്വര്‍ണം കൂടി കണ്ടെത്തണമെങ്കില്‍ ഇരുവരെയും ഒന്നിച്ച് തെളിവെടുപ്പിന് എത്തിക്കണം. കാര്‍ത്തികിനെ കണ്ടെത്താനും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കണ്ടെടുത്ത സ്വര്‍ണം ഇന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.