തിരിച്ചുവരവില്‍ ഇഷാന്‍ കിഷന് സെഞ്ചുറി! ഫലം കണ്ടത് ഗംഭീറിന്റേയും അഗാര്‍ക്കറുടേയും കൂട്ടായ തീരുമാനം
അനന്ത്പൂര്‍: പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ഇഷാന്‍ കിഷന് സെഞ്ചുറി. അനന്തപൂരില്‍ പുരോഗമിക്കുന്ന ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്കെതിരായ മത്സരത്തിലാണ് ഇഷാന്‍ സെഞ്ചുറി നേടിയത്. ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത താരം 126 പന്തില്‍ 111 റണ്‍സുമായി പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സി ഇഷാന്റെ കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് (15), ബാബ അപാരിജിത് (73) എന്നിവരാണ് ക്രീസില്‍. ഇന്ത്യ സിയുടെ സായ് സുദര്‍ശന്‍ (43), രജത് പടിധാര്‍ (40) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി.
രണ്ടിന് 97 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഇഷാന്‍ ക്രീസിലെത്തുന്നത്. പിന്നീട് അപാരിജിതിനൊപ്പം 189 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ഇഷാനായി. പിന്നീട് മുകേഷ് കുമാറിന് വിക്കറ്റ് നല്‍കിയാണ് ഇഷാന്‍ മടങ്ങുന്നത്. മൂന്ന് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്‌സ്. അവസാന നിമിഷമാണ് ഇന്ത്യ സിയുടെ പ്ലേയിംഗ് ഇലവനില്‍ ഇഷാന് ഇടം ലഭിക്കുന്നത്. ദുലീപ് ട്രോഫി ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്ന് പരിക്കുമൂലം ഇഷാന്‍ കിഷന്‍ വിട്ടുനിന്നിരുന്നു. പകരം സഞ്ജു സാംസണെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിലുള്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഇഷാന്‍ ഇന്ത്യ സി ടീമിലെത്തുന്നത്.
ബിസിസിഐ തെറ്റുകാരല്ല; കിവീസിനെതിരെ ടെസ്റ്റിന് നോയ്ഡ തിരഞ്ഞെടുത്തത് അഫ്ഗാനിസ്ഥാന്‍ തന്നെ!
ബംഗ്ലാദേശിനെിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ നിരവധി താരങ്ങള്‍ ദുലീപ് ട്രോഫിയില്‍ നിന്ന് വിട്ടുനിന്നതോടെ കഴിഞ്ഞ ദിവസം ബിസിസിഐ ദുലീപ് ട്രോഫി രണ്ടാം റൗണ്ട് മത്സരത്തിനുള്ള പുതുക്കിയ ടീം ലിസ്റ്റ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതില്‍ ഏതിലും ഇഷാന്‍ കിഷന്റെ പേരുണ്ടായിരുന്നില്ല. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ കിഷനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ‘Bring back Ishan Kishan’ ക്യാംപെയിന്‍ ആരാധകര്‍ തുടങ്ങിയത്.
ഇതിന് പിന്നാലെയാണ് ഡി ടീമിലുണ്ടായിരുന്ന ഇഷാന്‍ കിഷനെ ഇന്ത്യ സി ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഗംഭീറും അഗാര്‍ക്കറും നിര്‍ദേശം നല്‍കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആര്യന്‍ ജുയാലിന് പകരമാണ് കിഷനെ സി ടീമിലെടുത്തത്. ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന കിഷന്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ടീമിലുമുണ്ടായിരുന്നു.