വാഷിംങ്ടൺ: ചൈനക്കുവേണ്ടി ചാരവൃത്തി നടത്തിയതിന് പകരമായി പണവും ഗോൾഫ് ക്ലബ്ബുകളും മറ്റ് വിലകൂടിയ സമ്മാനങ്ങളും സ്വീകരിച്ച മുൻ സി.ഐ.എ ഉദ്യോഗസ്ഥനും എഫ്.ബി.ഐയുടെ കരാർ ഭാഷാ പണ്ഡിതനുമായ 71കാരൻ അലക്സാണ്ടർ യുക് ചിംഗ് മായെ യു.എസ് കോടതി 10 വർഷത്തെ തടവിന് ശിക്ഷിച്ചു.
ദേശീയ പ്രതിരോധ വിവരങ്ങൾ ശേഖരിക്കുകയും അത് വിദേശ സർക്കാറിന് കൈമാറുകയും ചെയ്തുവെന്ന ഗൂഢാലോചനാ കുറ്റത്തിനാണ് ശിക്ഷ. തടവിനു പുറമെ യു.എസ് ഗവൺമെന്റ് ആവശ്യപ്പെടുമ്പോഴെല്ലാം ജീവിതകാലം മുഴുവൻ പോളിഗ്രാഫ് ടെസ്റ്റുകൾക്ക് വിധേയനാകണം.
താൻ ചെയ്തതിന് ദൈവവും അമേരിക്കയും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി 2020ൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം കസ്റ്റഡിയിലുള്ള അലക്സാണ്ടർ ശിക്ഷ വിധിക്കുന്നതിന് മുമ്പ് ഹൊണോലുലുവിലെ ചീഫ് യു.എസ് ജില്ലാ ജഡ്ജി ഡെറിക് വാട്സണിനുള്ള കത്തിൽ എഴുതി.