ഡൽഹി: ഉത്തർപ്രദേശിലെ രാംപൂരിൽ ചൂതാട്ടത്തിനിടെ 7.5 ഏക്കർ ഭൂമി നഷ്ടമായ യുവാവ് ഭാര്യയെ പണയംവെച്ചന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ യുവാവ് സുഹൃത്തുക്കളെ അനുവദിച്ചു. അമ്മവീട്ടിൽ പോയ യുവതി തിരിച്ചുവരാൻ വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദിക്കുകയും വിരൽ ഒടിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
രാംപൂരിലെ ഷഹബാദ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. 2013ലാണ് ഇവർ വിവാഹിതനായത്. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും ഭർതൃപിതാവും പീഡിപ്പിച്ചെന്നും, ഭർത്താവ് മദ്യത്തിനും ചൂതാട്ടത്തിനും അടിമയാണെന്നും യുവതി പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.