കോഴിക്കോട്: ഫാറൂഖ് കോളേജില്‍ വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടെ നടത്തിയ വാഹന റാലിയിൽ അപകടകരമായി ഓടിച്ച 5 വാഹനങ്ങള്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി. ഗതാഗത നിയമം ലംഘിച്ചതിന് വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. വാഹനങ്ങൾ ഓടിച്ച വിദ്യാർത്ഥികൾക്ക് ലൈസൻസ് ഉണ്ടോ എന്ന കാര്യവും അധികൃതർ പരിശോധിച്ചുവരികയാണ്.
വിദ്യാർത്ഥികളുടെ വാഹന ഘോഷയാത്രയിൽ പങ്കെടുത്ത നാല് കാറുകൾ, ഒരു ജീപ്പ് എന്നിവക്കെതിരെയാണ് നടപടി. ആകെ 47,500 രൂപയുടെ പിഴ നോട്ടീസാണ് അയച്ചത്.
സെപ്റ്റംബര്‍ 11 ബുധനാഴ്ചയായിരുന്നു സംഭവം. കോളേജ് ക്യാംപസിന് പുറത്ത് പൊതുനിരത്തിലൂടെയാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികള്‍ റോഡിലെ മറ്റ് വാഹനങ്ങളെ പോലും അപകടത്തിലാക്കുന്ന തരത്തില്‍ അഭ്യാസം നടത്തിയത്. മറ്റ് വാഹനങ്ങളും കാല്‍നട യാത്രക്കാരും കടന്നുപോകുന്ന വഴിയിലൂടെയാണ് വിദ്യാർത്ഥികള്‍ ആഘോഷത്തിന്റെ പേരിലുള്ള ആഭാസം നടത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് എംവിഡി കേസെടുത്തിരിക്കുന്നത്.