തിരുവനന്തപുരം: എല്‍.ഡി.എഫില്‍ ഘടകകക്ഷികളേക്കാള്‍ പ്രാധാന്യം ആര്‍.എസ്.എസിനാണെന്ന് തെളിഞ്ഞെന്നും എ.ഡി.ജി.പി. അജിത് കുമാറിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ഇത് വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
ആരോപണം നേരിടുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയും എസ്.പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പോലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്ത നടപടി അപഹാസ്യമാണ്.
ആര്‍.എസ്.എസ്. നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയെന്ന് എ.ഡി.ജി.പി. സമ്മതിച്ചിട്ടുപോലും വിശദീകരണം ചോദിക്കാനോ നടപടിയെടുക്കാനോ മുഖ്യമന്ത്രി തയാറായില്ല. ഇത് ആര്‍.എസ്.എസ്-സി.പി.എം. അവിശുദ്ധ ബാന്ധവത്തിന്റെ ഏറ്റവും വലിയ തെളിവാണ്.
അജിത് കുമാറിനെതിരെ നടപടിയെടുത്താല്‍ അത് ആര്‍.എസ്.എസിനെ വേദനിപ്പിക്കും എന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.