നവീനമായ എ18 ചിപ് സെറ്റിലാണ് ഐഫോണ്‍ 16 സിരീസ് വരുന്നത്. സോഫ്റ്റ് ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള ആം ആണ് ഈ ചിപിന്‍റെ അണിയറശില്‍പികള്‍ എന്ന വിവരമാണ് ഒടുവിലായി പുറത്തുവരുന്നത്. ആംമിന്‍റെ വി9 ചിപ് ഡിസൈനിലാണ് എ18 നിർമിച്ചിരിക്കുന്നത്. ചിപ് നിർമാണ രംഗത്തെ അതികായരില്‍ ഒരാളാണ് ആം എന്ന കമ്പനി. ആപ്പിള്‍ അടക്കമുള്ള നിരവധി കമ്പനികളുടെ സ്മാർട്ട്ഫോണുകളുടെ ചിപ് പേറ്റന്‍റ് ഈ കമ്പനിയുടെ കൈവശമാണുള്ളത്.
വി9 ചിപ് ഡിസൈന്‍ ആപ്പിള്‍ പൂർത്തിയാക്കിയത് ആംമിന്‍റെ പിന്തുണയിലാണ്. 2023 സെപ്റ്റംബറില്‍ ആം കമ്പനിയുമായി ദീർഘകാല കരാർ ആപ്പിള്‍ ഒപ്പിട്ടിരുന്നു. ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍, 4കെ റെക്കോർഡിംഗ് തുടങ്ങി വലിയ ടാസ്കുകള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമായ ചിപ്പാണ് ഐഫോണ്‍ 16 സിരീസിന് ആവശ്യം. ഈ സാഹചര്യത്തിലാണ് ആപ്പിള്‍ ആം കമ്പനിയുടെ സഹായം തേടിയത്.
2040നും ആപ്പുറം നീളുന്ന കരാറാണിത്. ആപ്പിളിനായി പ്രത്യേകം കസ്റ്റമൈസായ ചിപ്പാണ് ആം തയ്യാറാക്കുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയും ഇതിനൊപ്പം ആപ്പിള്‍ വാച്ച് അടക്കമുള്ള ഗാഡ്ജറ്റുകളും പ്രതീക്ഷിക്കുന്നു. ആപ്പിളിന്‍റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജന്‍സിനെ കുറിച്ചുള്ള വിശദാംശങ്ങളും പരിപാടിയില്‍ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.