17കാരൻ ഓടിച്ച ബൈക്ക് പൊലീസ് പിടിച്ചു, വിട്ടുകിട്ടാൻ സ്റ്റേഷനിലെത്തിയ അച്ഛൻ ഒടുവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കല്‍പ്പറ്റ: കസ്റ്റഡിയിലെടുത്ത ഇരുചക്രവാഹനം പോലീസ് വിട്ടുനല്‍കാത്തതില്‍ പ്രതിഷേധിച്ച് പനമരം പൊലീസ് സ്റ്റേഷനു മുന്നില്‍ ആത്മഹത്യ ശ്രമം നടത്തി യുവാവ്. കൈതക്കല്‍ സ്വദേശി മഞ്ചേരി കബീറാണ് (49) പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു പോലീസുകാരെ ഞെട്ടിച്ച സംഭവം നടന്നത്. 

കബീറിന്റെ പതിനേഴുകാരനായ മകന്‍ ബുള്ളറ്റ് ഓടിച്ചു പോകുന്നതിനിടെ പനമരം ടൗണില്‍ വെച്ച് പൊലീസ്  കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇത് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് കബീര്‍ പൊലീസിനെ  സമീപിച്ചെങ്കിലും വാഹനത്തിന് ഇന്‍ഷുറന്‍സും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റും ഇല്ലാത്തതിനാല്‍ വാഹനം കൊണ്ടുപോകാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.

പിന്നീട് ഇന്‍ഷുറന്‍സും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റും എടുത്തതിന് ശേഷം കബീര്‍ വീണ്ടും പൊലീസിനെ സമീപിച്ചെങ്കിലും വാഹനം വിട്ടുനല്‍കിയില്ല. രണ്ടുതവണ സ്‌റ്റേഷനിലെത്തിയിട്ടും വാഹനം കിട്ടാതെ വന്നതോടെയാണ് കബീര്‍ ആത്മഹത്യാശ്രമം നടത്തിയത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് ഭീഷണി മുഴക്കിയ ഇയാളെ മാനന്തവാടി അഗ്‌നിരക്ഷാ സേനയും നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് അനുനയിപ്പിച്ചാണ് പിന്തിരിപ്പിച്ചത്. അതേ സമയം പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനം ഓടിച്ച സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin