‘ബ്രോ ഡാഡി’ സെറ്റിലെ പീഡനക്കേസ്: അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

കൊച്ചി: ‘ബ്രോ ഡാഡി’ എന്ന സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

നിലവിൽ സംഗറെഡ്‌ഡി ജില്ലയിലെ കൺടി ജയിലിൽ ആണ് മൻസൂർ റഷീദ് ഉള്ളത്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ റഷീദ് ഒളിവിൽ ആയിരുന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം മന്‍സൂര്‍ തന്നെ പീഡിപ്പിക്കുക ആയിരുന്നുവെന്നാണ് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

തന്‍റെ സംഭവം അറിഞ്ഞിട്ടും അണിയറ പ്രവര്‍ത്തകര്‍ മന്‍സൂറിനെ എമ്പുരാന്‍റെ ഭാഗമാക്കി എന്നും യുവതി ആരോപിച്ചിരുന്നു. ശേഷം ഇയാളെ സിനിമയില്‍ നിന്നും പുറത്താക്കിയതായി അറിഞ്ഞുവെന്നും യുവതി കൂട്ടിച്ചേര്‍ത്തിരുന്നു. തനിക്കും കുഞ്ഞിനുമെതിരെ മോശമായ രീതിയിൽ പ്രാദേശിക പാർട്ടി നേതൃത്വത്തിന്‍റെ സഹായത്തോടെ ദുഷ്പ്രചാരണം നടത്തിയെന്നും പരാതി നൽകിയതിന്‍റെ പക വീട്ടാൻ മൻസൂർ റഷീദ് തന്‍റെ കുടുംബജീവിതവും തകർത്തുവെന്നും യുവതി പറഞ്ഞു. ജീവഭയമുണ്ട്, ഒളിച്ചാണ് ജീവിക്കുന്നതെന്നും യുവതി പ്രതികരിച്ചിരുന്നു. 

By admin