ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ വിഭജിക്കാൻ ഗൂഢാലോചന നടത്തുന്ന ശക്തികൾക്കൊപ്പം നിൽക്കുന്നതും രാജ്യവിരുദ്ധ പ്രസ്താവനകൾ നടത്തുന്നതും രാഹുലിന്റെയും കോൺഗ്രസ് പാർട്ടിയുടെയും ശീലമായി മാറിയിരിക്കുന്നുവെന്ന് അമിത് ഷാ ആരോപിച്ചു.
നാഷണൽ കോൺഫറൻസിനെ പിന്തുണക്കുന്നതും, വിദേശത്ത് ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തുന്നതും രാജ്യത്തിനു ഭീഷണിയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
പ്രാദേശികത, മതം, ഭാഷാപരമായ വ്യത്യാസങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രീയമാണ് രാഹുലിന്റെ പ്രസ്താവനയിലൂടെ വെളിവാകുന്നതെന്ന് അദ്ദേഹം കുറിച്ചു.
രാജ്യത്ത് സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് സംസാരിക്കുക വഴി കോൺഗ്രസിന്റെ സംവരണ വിരുദ്ധ മുഖം ഒരിക്കൽകൂടി വെളിവാക്കുകയാണ് രാഹുൽ. അദ്ദേഹത്തിന്റെ മനസിലുള്ള കാര്യങ്ങളാണ് വാക്കുകളായി പുറത്തേക്ക് വരുന്നത് അമിത് ഷാ വ്യക്തമാക്കി.
ബിജെപി ഇവിടെയുള്ളയിടത്തോളം കാലം ആർക്കും സംവരണം ഇല്ലാതാക്കാനോ, രാജ്യ സുരക്ഷ തകർക്കാനോ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.