കൽപറ്റ: വയനാട് വെള്ളാരംകുന്നിൽ ഓമ്നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ മരിച്ചു. ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ്.
ജെന്‍സണ് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ജെൻസണും ശ്രുതിയും കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിന്‍റെ മുന്‍ഭാഗം തകർന്നു. വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.
വയനാട് ഉരുള്‍പൊട്ടലില്‍ പിതാവിനെയും, മാതാവിനെയും, അനിയത്തിയെയും ശ്രുതിക്ക് നഷ്ടമായിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു.
ജെൻസണുമായുള്ള വിവാഹനിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം. ഉറ്റവര്‍ നഷ്ടപ്പെട്ട് ഒറ്റയ്ക്കായ ശ്രുതിയെ ജെന്‍സണ്‍ ചേര്‍ത്തുപിടിക്കുകയായിരുന്നു.