തിരുവനന്തപുരം: എ.ഡി.ജി.പി അജിത്കുമാറിനെതിരേ ഉയർന്ന അതീവ ഗുരുതരമായ ആരോപണങ്ങളിൽ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ അടക്കം പാർട്ടി നേതൃത്വം ഇടഞ്ഞുനിൽക്കവേ, സി.പി.ഐയുടെ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.
എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ചായിയില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടതുമുന്നണി യോഗം നടക്കുന്നുണ്ടെന്നും അതിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതേസമയം, സി.പി.ഐയുടെ ആശങ്ക മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ ഉയർത്താത്തത് ഏറെ വിവാദമായിട്ടുണ്ട്.
2017ൽ കായൽകൈയ്യേറ്റ വിവാദത്തിൽ പെട്ട തോമസ്ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് തടഞ്ഞത് സി.പി.ഐ മന്ത്രിമാരുടെ അത്യപൂർവ പ്രതിഷേധമായിരുന്നു. ഗതാഗത മന്ത്രിയായിരുന്ന ചാണ്ടി രാജിവയ്ക്കാനില്ലെന്ന് വെല്ലുവിളിച്ച് മന്ത്രിസഭാ യോഗത്തിനെത്തി.
തലസ്ഥാനത്താകെ അന്ന് പ്രതിഷേധം കത്തിപ്പടരുകയായിരുന്നു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐയുടെ മന്ത്രിമാർ അന്ന് മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു. മന്ത്രിമാരെല്ലാം തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും മന്ത്രിസഭാ യോഗത്തിന് കയറിയില്ല. ഇതോടെ, തോമസ് ചാണ്ടിക്ക് രാജിവയ്ക്കാതെ പോംവഴിയില്ലാതായി. ഇന്ന് എ.ഡി.ജി.പി അജിത്തിനെന്ന പോലെ അന്ന് തോമസ് ചാണ്ടിയെ സംരക്ഷിച്ചിരുന്നത് മുഖ്യമന്ത്രിയായിരുന്നു.
കോടതി ഉത്തരവ് കൈയ്യിൽ കിട്ടിയിട്ട് തീരുമാനിക്കാമെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ നിലപാട്. തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് അറിയിച്ച് സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. അന്ന് റവന്യൂ മന്ത്രിയായിരുന്ന ചന്ദ്രശേഖരന്റെ മുറിയിൽ സി.പി.ഐ മന്ത്രിമാർ ഇരുന്നു.
ചീഫ് സെക്രട്ടറി പലവട്ടം വിളിച്ചിട്ടും മന്ത്രിസഭാ യോഗം നടക്കുന്ന ഹാളിലേക്ക് സി.പി.ഐ മന്ത്രിമാർ പ്രവേശിച്ചില്ല. പാർട്ടി തീരുമാനപ്രകാരം ആണ് ഇതെന്നായിരുന്നു വിശദീകരണം. സി.പി.ഐ മന്ത്രിമാരുടെ അത്യപൂർവ പ്രതിഷേധം ഉണ്ടായതോടെ രാജിക്കത്ത് പാർട്ടി പ്രസിഡന്റിന് കൈമാറി തോമസ് ചാണ്ടി കുട്ടനാട്ടിലേക്ക് പോവുകയായിരുന്നു.
എന്നാൽ സ്വർണക്കടത്തും ആർ.എസ്.എസ് ബന്ധവുമടക്കം ചർച്ചയായിട്ടും എ.ഡി.ജിപി അജിത്തിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന പാർട്ടി തീരുമാനം മന്ത്രിസഭാ യോഗത്തിൽ അറിയിക്കാൻ സി.പി.ഐ മന്ത്രിമാർക്ക് കഴിഞ്ഞില്ല. റവന്യൂ മന്ത്രി കെ.രാജനാണ് നിലവിൽ സി.പി.ഐ മന്ത്രിമാരിലെ പ്രധാനി.
എന്നാൽ രാജനാവട്ടെ ഇക്കാര്യത്തിൽ ഒരക്ഷരം ക്യാബിനറ്റിൽ മിണ്ടിയില്ല. അജിത്തിനെതിരേ ആഞ്ഞടിച്ച് ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ തന്നെ രംഗത്തെത്തിയിരുന്നു. ‘ആർഎസ്എസ് നേതാക്കളുമായി എ.ഡി.ജി.പി. കൂടിക്കാഴ്ച നടത്തിയ സംഭവം കേരളത്തിനകത്തും പുറത്തും വൻ വിവാദമായിരിക്കുകയാണ്.
ജനം ചർച്ച ചെയ്യുന്നുണ്ട്. ഒരു ഉന്നതല പോലീസ് ഉദ്യോഗസ്ഥൻ എന്തിനാണ് ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്തായിരുന്നു അതിന്റെ പശ്ചാത്തലം? തുടങ്ങിയവയെച്ചൊല്ലി ഒരുപാട് ഊഹാപോഹങ്ങൾ പരക്കുന്നുണ്ട്. ഇത് കൃത്യമായി അന്വേഷിക്കണം. എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്ന് വ്യക്തമാകണം’ -ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു
വിവാദവിഷയങ്ങളിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇങ്ങനെപോയാൽപ്പോരെന്നും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ച പ്രശ്നങ്ങൾ ഗൗരവമായി കാണണമെന്നും ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
സി.പി.എം., സി.പി.ഐ. സെക്രട്ടറിമാർ എന്നനിലയിലുള്ള ആശയവിനിമയവും നടന്നു. ഭരണതലത്തിൽ നടപടികളുണ്ടാവുമെന്നാണ് സി.പി.ഐ.ക്കു ലഭിച്ചിട്ടുള്ള ഉറപ്പ്. എന്നിട്ടും എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന നിലപാടിൽ യാതൊരു പ്രതിഷേധവും മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ ഉയർത്താത്തതാണ് വിവാദമായത്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയുടെ തോൽവിക്ക് ഇടയാക്കിയ തൃശൂർ പൂരം കലക്കലിന് പിന്നിൽ അജിത് കുമാറാണെന്ന പി.വി. അൻവർ എം.എൽ.എയുടെ ആരോപണം ശരിവയ്ക്കുന്ന സാഹചര്യത്തെളിവുകൾ സി.പി.ഐയെ പ്രകോപിപ്പിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയായിരുന്ന വി.എസ് സുനിൽകുമാർ തന്നെ എ.ഡി.ജി.പിക്കെതിരേ രംഗത്തെത്തിയിരുന്നു.
എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ച ഗൗരവത്തോടെ കാണുന്നതായി വ്യക്തമാക്കിയ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ഇക്കാര്യത്തിൽ സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് തേടിയിരുന്നു. ഇടതുപക്ഷത്തിന്റെ സംഘപരിവാർ പോരാട്ടങ്ങളുടെ മുനയൊടിക്കുന്നതാണ് കൂടിക്കാഴ്ചയെന്നാണ് സി.പി.ഐയുടെ ആക്ഷേപം.