പാതിരാത്രി ടാക്സി വിളിക്കരുത്, ഓട്ടോ ഡ്രൈവർക്ക് നമ്പർ നൽകരുത്, ദില്ലിയിൽ ഇക്കാര്യങ്ങൾ വേണ്ട, വിദേശി വ്ലോഗര്‍

ഇന്ത്യയിലേക്ക് വിദേശത്ത് നിന്നും ഇഷ്ടം പോലെ വ്ലോ​ഗർമാർ സന്ദർശനത്തിനായി എത്താറുണ്ട്. അതിന്റെ വിവിധ വീഡിയോകളും അവർ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇന്ത്യയിലെ വിവിധ പൊസിറ്റീവ് കാര്യങ്ങൾ ഷെയർ ചെയ്യുന്നതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളും അവരിൽ ചിലർ തങ്ങളുടെ ഫോളോവേഴ്സിനായി ഷെയർ ചെയ്യാറുണ്ട്. 

അതുപോലെ സിം​ഗപ്പൂരിൽ നിന്നുള്ള ഒരു വ്ലോ​ഗർ അടുത്തിടെ ഇന്ത്യയിൽ സന്ദർശനം നടത്തി. ദില്ലിയിലെത്തിയ ഇവർ ചില കാര്യങ്ങൾ ദില്ലിയിൽ ചെയ്യരുത് എന്ന് പറയുന്നുണ്ട്. മൂന്ന് കാര്യങ്ങളാണ് ദില്ലി സന്ദർശിക്കുമ്പോൾ ഒഴിവാക്കണം എന്ന് വ്ലോ​ഗർ പറയുന്നത്. ഒന്നാമതായി പാതിരാത്രിയിൽ ടാക്സി വിളിക്കുന്നത് ഒഴിവാക്കണം എന്നാണ് പറയുന്നത്. ദില്ലി എയർപോർട്ടിലാണ് യുവതി ഫ്ലൈറ്റിറങ്ങിയത്. പാതിരാത്രിയിലാണ് താനും സുഹൃത്തും എയർപോർട്ടിലെത്തിയത്. ഊബർ വിളിക്കാനായില്ല. അതിനാൽ, പ്രീപെയ്ഡ് ടാക്സിയാണ് വിളിച്ചത്. ആദ്യം തന്നെ 200 രൂപ അധികം ആവശ്യപ്പെട്ടു. കൂടാതെ തെറ്റായ സ്ഥലത്താണ് തങ്ങളെ ഇറക്കി വിട്ടത് എന്നും യുവതി പറയുന്നു. 

അടുത്തതായി ഓട്ടോ ഡ്രൈവർമാർക്ക് നമ്പർ നൽകരുത് എന്നാണ് യുവതിയുടെ ഉപദേശം. തങ്ങൾ ഒരു ഓട്ടോ ഡ്രൈവറെ പരിചയപ്പെട്ടു. നമ്പറും നൽകി. അതില്‍ നിന്നുള്ള മെസ്സേജുകളും യുവതി കാണിക്കുന്നുണ്ട്. കൂടാതെ, ഓട്ടോ വിളിച്ചപ്പോൾ കൂലിയായി ഊബറിന്റെ ഇരട്ടി നൽകുന്നത് ഓക്കേ ആയിരുന്നു. അങ്ങനെ തങ്ങൾ 1000 രൂപ നൽകാൻ തയ്യാറായി. എന്നാൽ, ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ 6,000 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത് എന്നും യുവതി പറയുന്നു. 

അവസാനമായി യുവതി പറയുന്നത് കാർഡുമായി പോകുന്നതിന് പകരം കുറച്ച് നോട്ടുകൾ കൂടി കയ്യിൽ കരുതണം എന്നാണ്. തെരുവുകച്ചവടക്കാരുടെ അടക്കം അടുത്ത് ചിലപ്പോൾ നോട്ടുകൾ മാത്രമേ നൽകാൻ സാധിക്കൂ എന്നും അതിനാൽ കാർഡിന് പകരം നോട്ടുകൾ കൂടി കയ്യിൽ കരുതൂ എന്നുമാണ് യുവതി പറയുന്നത്. 

യുവതിയുടെ വീഡിയോ നിരവധിപ്പേരാണ് കണ്ടത്. അപരിചിതമായ ഏത് ന​ഗരത്തിൽ പോയാലും ഏറെക്കുറെ ഇതൊക്കെ തന്നെയാവും സ്ഥിതി എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. 

By admin