ഒടുവില്‍ ജെന്‍സണും യാത്രയായി; കുടുംബത്തിലെ ആ ഒമ്പത് പേര്‍ക്ക് പിന്നാലെ കൈപിടിച്ചവനും യാത്രയായി
വയനാട് ഉരുള്‍പൊട്ടലില്‍ നിന്നും കുടുംബത്തിലെ 9 പേരെയാണ് ശ്രുതിയ്ക്ക് നഷ്ടപ്പെട്ടത്. പിന്നീട്, ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ ഒരു താങ്ങായി നിന്നത് ജെന്‍സണായിരുന്നു. പക്ഷേ, ശ്രുതിയെ വീണ്ടു തനിച്ചാക്കി ജെന്‍സണും യാത്രയായി. ഇന്നലെ വൈകീട്ട് വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെന്‍സണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് മുതല്‍ വെന്‍റിലേറ്ററിലായിരുന്ന ജെന്‍സണിന്‍റെ ജീവന് വേണ്ടി നാട് ഉള്ളുരുകിയെങ്കിലും ഒടുവില്‍ വേദനയില്ലാത്ത ലോകത്തേക്ക് ജെന്‍സണ്‍ യാത്രയായി.
ജൂലൈ 30 ന് പുലര്‍ച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. ഒപ്പം അഛന്‍റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരാണ് ശ്രുതിക്ക് ആ ഒറ്റ രാത്രിയില്‍ എന്നന്നേയ്ക്കുമായി നഷ്ടമായത്. ഒറ്റ രാത്രി കൊണ്ട് ജീവിതത്തില്‍ നിന്നും ഒറ്റപ്പെട്ട് പോയ ശ്രുതിക്ക് താങ്ങായി എത്തിയത് സ്കൂൾ കാലം മുതലുള്ള സുഹൃത്തായ ജെന്സണ്.
സർക്കാറേ, ഇവരുടെ ദുരവസ്ഥയും കാണണം, ഉരുൾപൊട്ടൽ ഇല്ലാതാക്കിയത് ഇവരുടെ ജീവിതമാർഗമാണ്!
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്‍ററായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ കെട്ടുപണിക്കാരനും അമ്മ ഒരു കടയില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെമ്പർ കൂടിയായിരുന്നു അമ്മ സബിത. കൽപ്പറ്റ എൻഎംഎസ്എം ഗവ കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജത്തി ശ്രേയ. ഉരുൾപൊട്ടലിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെ അച്ഛനെയും അനിയത്തിയെയും തിരിച്ചറിഞ്ഞതിനാല്‍ സംസ്കാര ചടങ്ങുകൾ നടത്താനായി. എന്നാൽ ഡിഎൻഎ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്.
ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയും വീടിനൊപ്പം ഉരുൾ കൊണ്ടുപോയി. രണ്ട് മതവിഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് ശ്രുതിയെ അനാഥത്വത്തിന്‍റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക്, വിവാഹ നിശ്ചയം വരെ എത്തിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം, ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തിൽ മരിച്ചതിനാല്‍ നേരത്തെ ആക്കാൻ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം. എന്നാല്‍, ഇന്നലെ കൽപറ്റയിലുണ്ടായ വാഹനാപകടം എല്ലാ സ്വപ്നങ്ങളും തകിടം മറിച്ചു. ജെന്‍സണ് പരിക്കേറ്റത് കേരളം ആശങ്കയോടെയാണ് കേട്ടത്. കേരളം പ്രാര്‍ത്ഥനയോടെ ജെന്‍സണ് വേണ്ടി കാത്തിരുന്നെങ്കിലും ശ്രുതിയെ വീണ്ടും തനിച്ചാക്കി ജെന്‍സണും പോയി.
പ്രാർത്ഥനകൾ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു, അപകടമുണ്ടായത് ഇന്നലെ വൈകീട്ട്