മുംബൈ: ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് അധ്യക്ഷ പിടി ഉഷയ്ക്ക് എതിരെ തുറന്നടിച്ച് വിനേഷ് ഫോഗട്ട്.
പാരിസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ആശുപത്രിയിലായ തന്നോടൊപ്പമുള്ള ചിത്രമെടുത്ത് പിടി ഉഷ കളിച്ചത് രാഷ്ട്രീയം മാത്രമെന്നാണ് വിനേഷ് പറഞ്ഞിരിക്കുന്നത്.
ഒളിമ്പിക് വില്ലേജിലെ ആശുപത്രിയില്‍ വിനേഷിനെ സന്ദര്‍ശിക്കുന്ന ചിത്രം ഉഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. താരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നായിരുന്നു ഇതോടൊപ്പം അവര്‍ കുറിച്ചത്. എന്നാല്‍ തനിക്ക് യാതൊരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ലെന്ന് വിനേഷ് പറഞ്ഞു.
“എന്ത് പിന്തുണയാണ് നല്‍കിയതെന്ന് എനിക്കറിയില്ല. പിടി ഉഷ മാഡം എന്നെ ആശുപത്രിയിൽ സന്ദർശിച്ചു. ഒരു ഫോട്ടോ ക്ലിക്ക് ചെയ്തു. രാഷ്ട്രീയത്തിൽ പലതും നടക്കുന്നത് അടഞ്ഞ വാതിലുകൾക്ക് പിന്നിലാണ്.
അതുപോലെ പാരീസിൽ നടന്നത് രാഷ്ട്രീയമാണ്. അതുകൊണ്ടാണ് എന്റെ ഹൃദയം തകർന്നത്. ഗുസ്തി ഉപേക്ഷിക്കരുതെന്ന് ഒരുപാട് ആളുകള്‍ പറയുന്നുണ്ട്. ഞാൻ എന്തിനുവേണ്ടി തുടരണം?. എല്ലായിടത്തും രാഷ്ട്രീയമുണ്ട്” – വിനേഷ് ഫോഗട്ട് പറഞ്ഞു.
ആശുപത്രിക്കിടക്കിയില്‍ നിന്നുള്ള തന്റെ ചിത്രം പിടി ഉഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിലും വിനേഷ് രോഷം പങ്കുവച്ചു. “നിങ്ങൾ ഒരു ആശുപത്രി കിടക്കയിലാണ്, അതിന് പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാനാവില്ല.
ജീവിതത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സമയമാണത്. ആ സ്ഥലത്ത്, എന്നോടൊപ്പം നിൽക്കുന്നുവെന്ന് എല്ലാവരേയും കാണിക്കാൻ വേണ്ടി മത്രം, എന്നോട് പറയാതെ ഒരു ഫോട്ടോ ക്ലിക്കുചെയ്ത് സോഷ്യൽ മീഡിയയിൽ ഇടുന്നു. അങ്ങനെയല്ല പിന്തുണ അറിയിക്കേണ്ടത്. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തു എന്നതിനപ്പുറം മറ്റെന്താണത്?”-വിനേഷ് ചോദിച്ചു.